ഈ ഫോട്ടോയ്ക്ക് പിറകിൽ ഒരു വലിയ കഥ ഉണ്ട് എൻ്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു തീരുമാനത്തിൻ്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ഒക്കെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ നിറഞ്ഞ കഥ. മറ്റൊരു കാഴ്ചപ്പാടിൽ എൻ്റെ ജീവിതത്തിലെ വിഡ്ഢിത്തരങ്ങളുടെ തുടക്കമായ സംഭവം എന്ന് പറയാം.
ഒരു കലാ കാരനെന്ന നിലയിൽ എന്നെ മനസിലാക്കേണ്ടവർ ഈ കഥയും അറിഞ്ഞിരിക്കണം. അത് കൊണ്ടാണ് ഈ സംഭവ കഥ എൻ്റെ കലയെ ഇഷ്ടപ്പെടുന്നവർക്കായി ഇവിടെ എഴുതുന്നത്.
കോളേജിലേക്ക് ബോട്ടണി ബിരുദ പഠനത്തിനായി അഡ്മിഷൻ കിട്ടിയപ്പോൾ എൻ്റെ മനസ്സ് ആഹ്ളാദം കൊണ്ട് നിറഞ്ഞിരുന്നു. വീട്ടിൽ അമ്മയൊക്കെ മുറ്റത്ത് ചെറിയ കൃഷിപ്പണി ഒക്കെ ചെയ്യുമ്പോൾ ഞാൻ പൊങ്ങച്ചമായി പറയും,
" ഈ സസ്യങ്ങളുടെ കാര്യമൊന്നും എൻ്റെ അടുത്ത് പറയരുത് ഞാൻ സസ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ ധാരിയാണ്" എന്ന് . കോളേജിൽ ചെല്ലുമ്പോൾ സസ്യങ്ങളെ മൊത്തം 'അരക്കി കലക്കി കുടിച്ച്' പഠിക്കാം എന്നായിരുന്നു എൻ്റെ ധാരണ.
പക്ഷെ കോളേജിൽ ചെന്ന് ആദ്യത്തെ വർഷത്തെ പുസ്തകങ്ങൾ കിട്ടിയപ്പോൾ ഞാൻ അമ്പരന്നു പോയി. രണ്ട് പുസ്തകങ്ങളേ ആദ്യ വര്ഷം പഠിക്കാനുണ്ടായിരുന്നുള്ളു, ആൽഗെയും ഫൻജെയും അതായത് ചണ്ണപ്പായലും പൂപ്പലും. ഈ രണ്ട് വർഗ്ഗത്തിൽ പെട്ട സസ്യങ്ങളുടെ മൊത്തം ജീവചരിത്രമാണ് ആദ്യ വർഷം പഠിക്കേണ്ടത്.
അത് കൊണ്ട് ഞാൻ നിരാശനായില്ല. ഞാൻ ബോട്ടണി ഡിപ്പാർട്ട്മെന്റിലെ ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ എടുത്ത് വായിച്ച് എനിക്കാവശ്യമായ അറിവ് നേടാൻ ഞാൻ തീരുമാനിച്ചു. ലൈബ്രറിയിലെ പുസ്തകങ്ങൾ കൊടുക്കുന്നത് പ്രൊഫ. പ്രമീള ടീച്ചർ ആയിരുന്നു.
ടീച്ചറുടെ അടുത്ത് നിന്ന് അനുവാദം വാങ്ങി ഞാൻ പുസ്തകങ്ങൾ ഓരോന്നായി എടുത്ത് നോക്കി. സെക്കന്റ് ഇയറിലും തേഡ് ഇയറിലും പഠിപ്പിക്കുന്ന വിഷയങ്ങൾ അടങ്ങിയ പുസ്തകങ്ങൾ എല്ലാം എടുത്ത് നോക്കി മനസിലാക്കി.
എൻ്റെ മനസ്സ് മൊത്തം തകർന്നു പോയി. പുസ്തകങ്ങൾ മിക്കതും പത്ത് മുപ്പത് വര്ഷം പഴക്കമുള്ള വിദേശത്ത് അച്ചടിച്ച പുസ്തകങ്ങൾ ആയിരുന്നു. ആദ്യവര്ഷത്തെ പോലെ നമുക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത കള്ളിമുള്ള് ഇത്തിക്കണ്ണി പോലുള്ള ചെടികളെ പറ്റി ഇംഗ്ലീഷിൽ പഠിച്ച് വെറുതെ സമയം കളയാം എന്നല്ലാതെ ഒരു പ്രയോജനവും ഇത് കൊണ്ട് ഇല്ല എന്ന് എനിക്ക് തോന്നി.
ആ പുസ്തകങ്ങളിൽ മാത്രം വിശ്വസിച്ചാൽ നമ്മുടെ രാജ്യത്തുള ഒരാളും ഒരു ചെടിയെയും പറ്റി പഠിച്ചിട്ടില്ല എന്നാണ് മനസിലാക്കാൻ പറ്റുന്നത്. അത് എൻ്റെ എൻറെ ആത്മാഭിമാനത്തെ വൃണപ്പെടുത്തി. നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകളായി സസ്യങ്ങളെ പറ്റി പഠിച്ച് അവയുടെ ഗുണഗണങ്ങൾ രേഖപ്പെടുത്തിയവരും വാമൊഴിയായി കൈമാറിയവരും ഉണ്ട്.
പ്രത്യേകിച്ച് ചേർത്തലക്കാരനായ ഇട്ടി അച്യുതൻ വൈദ്യനെപ്പോലെയുള്ള പണ്ഡിതരായ ആയുർവ്വേദ വൈദ്യന്മാരുടെ))സഹായത്താൽ എഴുതിയ ഹോർത്തൂസ് മലബാറിക്കൂസ് (Hortus Malabaricus, മലബാറിന്റെ പൂന്തോട്ടം) എന്ന പാശ്ചാത്യരായ സസ്യ ശാസ്ത്രജ്ഞരുടെ പാഠപുസ്തകത്തെ പറ്റിയൊന്നും പരാമര്ശിക്കാത്ത സസ്യ ശാസ്ത്ര ബിരുദ പഠനം എന്നെ തീർത്തും നിരാശനാക്കി.
പിന്നെ ടീച്ചറിനെ ബോധിപ്പിക്കാൻ വേണ്ടി മാത്രം മൂന്ന് നാല് പ്രാവശ്യം പുസ്തകങ്ങൾ എടുത്ത് കൊണ്ട് പോയി വായിച്ചിട്ട് തിരിച്ചുകൊണ്ടുവച്ചു.
ഞാൻ ബിഎസ്സി പഠനം മനസ്സ് കൊണ്ട് അതോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ആ തീരുമാനം എൻ്റെ ജീവിതത്തിൽ വലിയ ദുഖങ്ങളും ദുരന്തങ്ങളും ആണ് സമ്മാനിച്ചത്. ഞാൻ ആഗ്രഹിച്ച പോലത്തെ സിലബസ് ആയിരുന്നെങ്കിൽ ഞാൻ ഒരു നല്ല ഒരു കാർഷിക ശാസ്ത്രജ്ഞൻ ആയേനെ. നിലവിലെ സിലബസിനെ ഉൾക്കൊണ്ട് മുന്നോട്ട് പോയിരുന്നെങ്കിൽ ഒരു കോളേജ് പ്രൊഫസർ എങ്കിലും ആയേനെ.
പക്ഷെ എൻ്റെ ആത്മാവിനെ തൃപ്തിപ്പെടുത്തണമെങ്കിൽ എത്രയൊക്കെ ത്യാഗം സഹിച്ചായാലും ഈ സിലബസിനെതിരെ എൻ്റെ ജീവിതം കൊണ്ട് ഒരു നിശബ്ദ പ്രതിഷേധ സമരം ആയി തീരണമെന്ന് അന്നത്തെ ജെൻ സീ ആയ ഞാൻ തീരുമാനിച്ചു. പക്ഷെ അത് വിവാദങ്ങളിലൂടെ ആകരുത് ക്രിയേറ്റീവ് ആയിട്ടായിരിക്കണം എന്നും ഞാൻ ആഗ്രഹിച്ചു.
അങ്ങനെ ഞാൻ ക്ലാസിൽ കയറാതെ രണ്ട് വർഷം തള്ളി നീക്കി. പക്ഷെ മൂന്നാമത്തെ വർഷം ആയപ്പോൾ ഞാൻ യാദൃശ്ചികമായി പ്രമീള ടീച്ചറുടെ മുന്നിൽ ചെന്ന് പെട്ടു.
ഞാൻ ക്ലാസ്സിൽ കയറാറില്ലെന്ന് മനസ്സിലാക്കിയ ടീച്ചർ എന്നെ എങ്ങനെയെങ്കിലും ഒന്ന് നന്നാക്കി എടുക്കണമെന്ന് തീരുമാനിച്ച് എന്നോട് ക്ലാസിൽ കയറണമെന്ന് പറഞ്ഞു.എന്നിട്ട് എന്നെയും വിളിച്ച് ബോട്ടണി ഡിപ്പാർട്ട്മെന്റിലേക്ക് കൊണ്ട് ചെന്ന് അന്ന് ഹെഡ് ഓഫ് ദി ഡിപ്പാർട്ട് മെൻറ് ആയ സോമൻ സാറിനെയും പ്രഫസർമാർ ആയ കൃഷ്ണൻ സാറിനെയും ശാന്താറാം സാറിനെയും ഒക്കെ പരിചയപ്പെടുത്തി,
ഞാൻ ബിഎസ്സി തേഡ് ഇയർ സ്റ്റുഡൻറ് ആണെന്ന് പറഞ്ഞപ്പോൾ അവർക്കൊക്കെ അത്ഭുതമായി. അവർ എന്നെ കണ്ടിട്ട് പോലും ഇല്ല. പ്രമീള ടീച്ചറിന് എൻ്റെ ചിറ്റപ്പൻ പ്രൊഫ. വിപി രാജപ്പൻ ആ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട് മെന്റിലെ ഹെഡ് ആണെന്ന് അറിയാം. അതൊക്കെ പറഞ്ഞ് പ്രമീള ടീച്ചർ എന്നെ ക്ലാസ്സിൽ കയറ്റാൻ അവരെ കൊണ്ട് സമ്മതിപ്പിച്ചു.
അങ്ങനെ ഞാൻ ക്ലാസ്സിൽ മനസില്ലാ മനസോടെ കയറാൻ തുടങ്ങി. ആ സമയത്താണ് കോളേജിൽ നിന്ന് പഠന വിനോദ യാത്രയ്ക്ക് പോകുന്നത്. എന്നെയും കൂടെ കൊണ്ട് പോകാൻ സാറന്മാർക്ക് മടി. കാരണം ഞാൻ അവരുടെ കൂടെ നിൽക്കുമോ എന്നോണന്നും അവർക്ക് പിടി ഇല്ലല്ലോ. അത്കൊണ്ട് എന്നെ കൊണ്ടുപോകേണ്ട എന്ന് അവർ തീരുമാനിച്ചു.
പക്ഷെ മറ്റ് ഡിപ്പാർട്ട്മെന്റിൽ ഉള്ള എൻ്റെ ചില സുഹൃത്തക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവർക്ക് എന്നെ ടൂറിന് വിടണം എന്ന് വാശിയായി. എസ്എഫ്ഐ നേതാക്കളെ ഒക്കെ ഇതിൽ അവർ ഇടപെടുത്തി. അങ്ങനെ AT വിനോദിനെ പോലെ യുള്ള നേതാക്കന്മാരുടെ ഒക്കെ ശക്തമായ വാദങ്ങൾക്കൊടുവിൽ സാറന്മാർ ഒരു ഒത്ത് തീർപ്പ് ഫോർമുല വച്ചു.
എനിക്ക് പരീക്ഷ എഴുതാൻ ഉള്ള അറ്റൻഡൻസ് ഇല്ലാത്തത് കാരണം അടുത്ത ബാച്ച് ബിഎസ്സി ബോട്ടണി ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ കൂടെ പഠിച്ച് അറ്റൻഡൻസും നേടി ടൂറിനും പോകാം പരീക്ഷയും എഴുതാം.
അങ്ങനെ ഒരു വർഷം കൂടി ഞാൻ പഠിച്ച് ടൂറിന് പോയപ്പോൾ ഊട്ടിയിൽ വച്ച് പ്രമീള ടീച്ചർ എന്നെ മാത്രം നിർത്തി എടുത്ത ഫോട്ടോ ആണ് ഇത്.
അക്കാലത്ത് ഒന്നും യാതൊരു വിധ കലാ വാസനയും ഞാൻ പ്രകടിപ്പിച്ചിട്ടില്ല. വീട്ടിൽ വലിയ ഒരു പുസ്തക ശേഖരവും ഭ്രാന്തമായ വായനയും ഉണ്ടെന്നല്ലാതെ മറ്റൊരു കഴിവും ഉള്ളതായിട്ട് ആർക്കും അറിയില്ല. കോളേജിൽ ആരോടും മിണ്ടുകപോലും ഇല്ലാതെ ശാന്തനായി ഒതുങ്ങി നടക്കുന്ന ഒരാൾ മാത്രമായിരുന്നു ഞാൻ.
ടൂറിന് പോകാൻ ഉള്ള ബസ്സിൽ കയറി പുറപ്പെട്ടപ്പോൾ മറ്റുകുട്ടികൾ എല്ലാം പാട്ടുപാടാനും കൈയ്യടിക്കാനും ഒക്കെ തുടങ്ങി. ഞാൻ ഒന്നിലും ബന്ധമില്ലാത്ത പോലെ പുറത്തേക്ക് നോക്കി ഇരുന്നു. അപ്പോൾ പ്രമീള ടീച്ചർ എന്നോട് വിളിച്ച് പറഞ്ഞു പാട്ട് പാടൂ എന്ന്.. എനിക്ക് പാടാനറിയില്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ കൈയ്യടിക്കൂ എന്ന് ടീച്ചർ പറഞ്ഞു. പക്ഷെ ഒന്നിനും ആവാതെ നിശ്ചലനായി പുറത്തേക്ക് നോക്കി ഇരിക്കാനേ എനിക്കായുള്ളൂ.
( എൻ്റെ കൂടെ പാടു നീ ..എന്ന് തുടങ്ങുന്ന പാട്ട് പിൽക്കാലത്ത് ഞാൻ എഴുതി സൂപ്പർ താരങ്ങൾ വരെ കൂടെ പാടിയത് അന്നത്തെ എൻ്റെ സൈലൻസിൻ്റെ ഒരു കൊമ്പൻസേഷൻ ആണെന്നും പറയാം.. കാരണം ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിപ്പിക്കാൻ പറ്റുന്നതല്ലല്ലോ)
എന്നാൽ ആ പാട്ടിൻ്റെ കൂടെ ഉണ്ടായ വിവാദങ്ങളുടെയും ചർച്ചകളുടെയും അനുബന്ധമായി വന്ന നിരവധി മുഖ്യധാരാ ടിവി, പത്ര റേഡിയോ അഭിമുഖങ്ങളും പ്രോഗ്രാമുകളും ഞാൻ ഒഴിവാക്കി. മാത്രമല്ല ആ പാട്ടിൻ്റെ ശൈലിയെ പ്രത്യക്ഷത്തിൽ പൂർണ്ണമായും ഒഴിവാക്കുന്ന കൃഷിയെ പറ്റിയുള്ള ഒരു പക്ഷിപോലും എന്ന് തുടങ്ങുന്ന ആൽബം സോങ്ങാണ് ഞാൻ പിന്നീട് എടുത്തത്.
ആ മുഖ്യധാരാ മാധ്യമ പ്രോഗ്രാമുകളിലൂടെ എനിക്ക് കിട്ടാവുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പരസ്യവും പ്രശസ്തിയുമാണ് ഞാൻ ഒരു വിഡ്ഢിയെപ്പോലെ വേണ്ടെന്ന് വച്ചത്.
കോളേജിലെ ടൂർ കഴിഞ്ഞ് വന്നിട്ട് പിന്നെ ക്ലാസ്സ് തുടർന്നു. പക്ഷെ ഞാൻ അവസാനത്തെ പരീക്ഷകൾ എഴുതിയില്ല. എനിക്ക് ജയിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു. സെക്കൻറ് ഇയറിലെ ഇംഗ്ലീഷ് പരീക്ഷയ്ക്കും മലയാളം പരീക്ഷയ്ക്കും ഒക്കെ ഞാൻ പാസായതായിരുന്നു. സാധാരണ അന്നൊക്കെ കുട്ടികൾ ഇംഗ്ലീഷിന് മാത്രമാണ് ബോട്ടണി ബിരുദ വിദ്യാർത്ഥികൾ തോൽക്കുന്നത്. ഇംഗ്ലീഷിന് പാസായ ആൾ പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്താൽ പോലും ജയിക്കും എന്ന് ഉറപ്പായിരുന്നു.
പക്ഷെ റിക്കോർഡുകൾ വരച്ചിട്ടും ഞാൻ പരീക്ഷയ്ക്ക് ഇരുന്നില്ല. കാരണം എനിക്ക് ഈ നാടിന്റെ പൈതൃകത്തോടും സസ്യ ജാലങ്ങളോടും ഉള്ള അഗാധമായ സ്നേഹം കാരണമായിരുന്നു അത്.
ഞാൻ പരീക്ഷ എഴുതിയില്ലെങ്കിലും പ്രമീള ടീച്ചർ എന്നോട് വിരോധം വച്ച് പുലർത്തിയില്ല കാരണം അന്ന് ടൂറിന് പോയ ഫോട്ടോ ഞാൻ കോളേജിൽ നിന്ന് പോന്നതിന് ശേഷം പിന്നീട് അവിടെ പഠിക്കാൻ ചെന്ന എൻ്റെ ബന്ധുക്കളുടെ കൈയ്യിൽ കൊടുത്ത് വിടുകയാണ് ചെയ്തത്. ആ സ്നേഹത്തിന് ഒക്കെ എങ്ങനെ നന്ദി പറയാനാവും! .
എന്താണ് സസ്യ ശാസ്ത്ര പഠനത്തിൽ ഞാൻ ഉദ്ദേശിക്കുന്നത് എന്ന് ഏറ്റവും ലളിതമായി പറയാം.
നമ്മൾ എല്ലാം സത്യത്തിൽ ഓരോ ബൊട്ടാണിസ്റ്റുകൾ ആണ് കാരണം നമുക്ക് കുറെ ചെടികളെ പറ്റി അറിയാം അതായത് അവ ഏത് വിഭാഗത്തിൽ പെട്ടതാണെന്ന് അറിയാം അവയ്ക്ക് വരുന്ന രോഗങ്ങൾ അറിയാം അവയുടെ പൊതുവായ ഗുണങ്ങൾ അറിയാം.
സാധാരണക്കാർ അവർക്ക് ആവശ്യമായ സസ്യങ്ങളെ പറ്റി ആവശ്യമായ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ് മനസിലാക്കുന്നു. അത് നമ്മൾ ഒരിക്കൽ പഠിച്ചാൽ ഒരിക്കലും മറക്കുന്നില്ല.
എന്നാൽ കേരളാ യൂണിവേഴ്സിറ്റിയിൽ ബോട്ടണി ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥി അവന് ഒരാവശ്യവും ഇല്ലാത്ത ചെടികളെ പറ്റി അവന് ജീവിതത്തിൽ ഒരാവശ്യവും ഇല്ലാത്ത കാര്യങ്ങൾ എല്ലാം പഠിക്കുന്നു. പരീക്ഷ എഴുതുന്നതോടുകൂടി പഠിച്ചതെല്ലാം മറന്നിട്ട് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലി ചെയ്ത് ജീവിക്കുന്നു.
ഇതല്ലേ നമ്മുടെ നാട്ടിൽ നടക്കുന്നത് ? ഈ അവസ്ഥ മാറണ്ടേ ? വിദ്യാർത്ഥിയുടെ ജീവിതമായും തൊഴിലവസരങ്ങളുമായും ബന്ധപ്പെട്ട സസ്യ ശാസ്ത്ര അറിവുകളല്ലേ പഠിപ്പിക്കേണ്ടത്?
കേരളം എന്ന വാക്ക് തന്നെ ഒരു സസ്യത്തിൽ നിന്ന് ഉണ്ടായതാണ്. കേരളത്തിലെ പ്രധാന വ്യവസായങ്ങളായ കയർ, കശുവണ്ടി, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങി ടൂറിസം വരെ സസ്യങ്ങളുമായി ബന്ധപ്പെട്ടതല്ലേ ?
കേരളത്തിലെ അമൂല്യമായ സസ്യസമ്പത്തിനേയും പാരമ്പര്യ അറിവുകളെയും സംരക്ഷിക്കുന്ന ആധുനികമായതും ഭാവിയെ കൂടെ മുന്നിൽ കണ്ട് കൊണ്ടുള്ളതുമായ ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചാൽ നമ്മുടെ നാട് സാമ്പത്തികമായി ഒത്തിരി മുന്നേറും എന്ന് തന്നെയാണ് ഞാൻ സ്വപ്നം കാണുന്നത്.
മത്രമല്ല യുവതലമുറയ്ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്ത് പോകേണ്ട ആവശ്യമില്ലാത്ത അവസ്ഥ സംജാതമാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
വിലപ്പെട്ട വർഷങ്ങളും ധാരാളം പണവും മുടക്കി ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥി പഠിച്ച അറിവുകൾ വച്ച് തന്നെ ഒരു തൊഴിലും ജീവിതമാർഗ്ഗവും കണ്ടെത്താനുള്ള രീതിയിലുള്ളതായിരിക്കണം ബിരുദ വിദ്യാഭ്യാസ സിലബസ് എന്ന് ഞാൻ ആഗ്രഹിക്കുന്നു.
കാൽ നൂറ്റാണ്ടിനിപ്പുറം മാറ്റം വന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ നാലുവർഷത്തെ ക്ലാസിക്കൽ സസ്യശാസ്ത്രവും ആധുനിക മോളിക്യുലർ സയൻസും സംയോജിപ്പിച്ചുള്ള (FYUGP) ബോട്ടണി ബിരുദ വിദ്യാഭ്യാസ രീതിയും ലോകത്തിലെ വിവിധ സർവ്വകലാ ശാലകളിലെ സസ്യശാസ്ത്ര ബിരുദ പഠന രീതികളും സിലബസ്സും ഞാൻ ഗവേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. അത് സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ലളിതമാക്കി തുടർന്ന് ഞാൻ എഴുത്തിലൂടെയും മറ്റ് കലാപ്രവർത്തനങ്ങളിലൂടെയും ആവിഷ്കരിക്കുന്നതാണ്..
സ്വാതന്ത്ര്യം കിട്ടും മുൻപ് സായിപ്പിനോട് അടിമത്തമനോഭാവമുള്ള ഗുമസ്തന്മാരെ വാർത്തെടുക്കാൻ ഉണ്ടാക്കിയ സിലബസ്സാണോ ഇന്നും തുടരുന്നത് ?
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.
Comments