മലയാളം സിനിമാ ഗാനങ്ങൾ മറ്റു ഭാഷാ ഗാനങ്ങളുമായി താരതമ്യം ചെയ്ത് നോക്കിയാൽ തന്നെ ഈ വ്യത്യാസം കാണാൻ സാധിക്കും. മലയാളത്തിലെ ജനപ്രിയമായ സിനിമാ പാട്ടുകളുടെ വരികൾ പരിശോധിച്ചാൽ അവയിൽ നൂറുകണക്കിന് പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞു നിൽക്കുന്നത് കാണാം. ഒരു പൂവിനെയോ സസ്യത്തെയോ പറ്റി പരാമര്ശിക്കാത്ത മലയാള ഗാനങ്ങൾ കുറവാണ്.
മുല്ല, താമര, റോസ് തുടങ്ങിയ പുഷ്പങ്ങൾ പ്രണയത്തിന്റെയും ഭക്തിയുടെയും പ്രതീകമായി എല്ലാ ഭാഷകളിലും കാണപ്പെടുന്നുണ്ടെങ്കിലും മലയാളത്തിൽ ഉള്ള പോലെ ഇലഞ്ഞി പൂവും, ചെത്തിപ്പൂവും, ചീരപ്പൂവും, കൂവളപ്പൂവും, തുമ്പപ്പൂവും, കനകാംബരവും, ശംഖുപുഷ്പവും പാലപ്പൂവും താഴമ്പൂവും ഒക്കെ നായകനും നായികയ്ക്കും അവരുടെ പ്രേമത്തിനും ഒക്കെ ഉപരിയായി ഉയർന്നു നിൽക്കുന്നത് നമ്മുടെ സസ്യജാല സമൃദ്ധിയുടെ സ്വാധീനത്താലായിരിക്കാം.
ഓരോ പൂവും നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ചുരുക്കെഴുത്തുകൾ കൂടെയാണ്, ഉദാഹരണത്തിന്:
ഇലഞ്ഞി – കേരളത്തിന്റെ ഗ്രാമീണ പരിസരവും പൂക്കാല ഓർമ്മകളും.
തുമ്പ – നാട്ടിൻപുറവും ഓണവും.
കൂവളം – വിശ്വാസവും ആരാധനയും.
ചെമ്പരത്തി – ഗൃഹാന്തരീക്ഷവും വ്യക്തിബന്ധങ്ങളും.
മുല്ലപ്പൂവ് – പ്രണയം, സൗന്ദര്യം, സ്ത്രീജീവിതം, ഗൃഹാതുരത്വം.
കാറ്റത്ത് തലയാട്ടി നിൽക്കുന്ന തെങ്ങിൻ തോപ്പുകളും പച്ചപ്പട്ട് വിരിച്ച പോലെയുള്ള നെൽപ്പാടവും കാനന ഭംഗിയും മലയാള സിനിമാ ഗാനങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
![]() |
| വയലാർ രാമവർമ്മ |
ഓ എൻ വി കുറുപ്പ് തൻ്റെ പ്രകൃതി സ്നേഹം കവിതകളിലൂടെയും ഗാനങ്ങളിലൂടെയും നമ്മെ അറിയിച്ചിട്ടുണ്ടല്ലോ.
മലയാള സിനിമാ ഗാനങ്ങളിൽ പരാമർശിച്ചിട്ടുള്ള ചില പൂക്കളെ പറ്റിയുള്ള ലേഖനം ഇവിടെ വായിക്കാവുന്നതാണ്.
ആദ്യകാല മലയാള സാഹിത്യത്തിലെ സസ്യസാന്നിധ്യം
മലയാള സാഹിത്യത്തിന്റെ തുടക്കം മുതൽ തന്നെ സസ്യങ്ങളുടെ സ്വാധീനം കൃതികളിൽ കാണപ്പെടുന്നു. തുളസി, കൂവളം, താമര തുടങ്ങിയ ഭക്തിപരവും ആത്മീയവുമായ പ്രാധാന്യമുള്ള സസ്യങ്ങൾ തുഞ്ചത്തെഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും കൃതികളിൽ ധാരാളമായി കടന്നുവരുന്നുണ്ട്.
വടക്കൻ പാട്ടുകളിലും തെക്കൻ പാട്ടുകളിലും തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ കേരളത്തിന്റെ നാടൻ മരങ്ങളും, കാട്ടുപൂക്കളും സാധാരണക്കാരുടെ ജീവിതത്തോട് ഇഴചേർന്ന് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
കവിതകളിൽ പൂക്കളും മരങ്ങളും
മഹാകവി കുമാരനാശാന്റെ 'കരുണ', 'വീണപൂവ്' തുടങ്ങിയ കൃതികളിലും മറ്റും പ്രകൃതിയും പൂക്കളും മനുഷ്യവികാരങ്ങളുടെ പ്രതീകങ്ങളായി മാറുന്നു.
ഉള്ളൂരിന്റെ കാവ്യങ്ങളിൽ ഭാരതീയ സംസ്കൃതിയോടൊപ്പം കേരളത്തിന്റെ സസ്യലതാദികളും ഔഷധഗുണമുള്ള വൃക്ഷങ്ങളും നിറഞ്ഞുകവിയുന്നുണ്ട് . പ്രകൃതിയിലെ ഓരോ ചെറിയ ചെടിയും മനുഷ്യന് ജീവനും ആരോഗ്യവും നൽകുന്ന ദിവ്യഔഷധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഇടശ്ശേരി ഗോവിന്ദൻ നായരുടെ 'പൂതപ്പാട്ട്' പോലുള്ള കവിതകളിൽ നാടൻ പൂക്കളും സസ്യങ്ങളും ഗ്രാമീണ സംസ്കൃതിയുടെ ഭാഗമായി തിളങ്ങിനിൽക്കുന്നു.
മലയാളത്തിൽ പ്രകൃതിസ്‌നേഹത്തിന്റെ മുഖമായ സുഗതകുമാരി ടീച്ചറിൻറെ കവിതകളിൽ മരങ്ങളും ചെടികളും വെട്ടിനശിക്കപ്പെടുന്നതിലുള്ള വേദനയും സസ്യങ്ങളോടുള്ള ആത്മബന്ധവും ശക്തമായി പ്രകടമാണ് (ഉദാഹരണത്തിന് 'രാത്രിമഴ' ഒരു തൈ നടാം). നാടൻ ഔഷധച്ചെടികളും വനങ്ങളും വെട്ടിനശിക്കപ്പെടുമ്പോൾ മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്നു എന്ന് അവർ ശക്തമായി മുന്നറിയിപ്പ് നൽകുന്നു.
നോവലുകളിൽ പ്രകൃതിയും സസ്യലോകവും
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി വായിച്ചവർക്ക്
മലയാള സാഹിത്യത്തിലെ കർഷകജീവിതത്തിന്റെ ഏറ്റവും ശക്തനായ ആവിഷ്കർത്താക്കളിൽ ഒരാളാണ് തകഴി ശിവശങ്കര പിള്ള. അദ്ദേഹത്തിന്റെ കൃതികളിൽ തെങ്ങും നെല്ലും വാഴയും അതെല്ലാം വിളയുന്ന മണ്ണും നിറഞ്ഞു നിൽക്കുന്നു.
ഒവി വിജയൻറെ ഖസാക്കിന്റെ ഇതിഹാസത്തെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് തല ഉയർത്തി നിൽക്കുന്ന കരിമ്പനകളാണ്.
മരുഭൂമിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബെന്യാമിന്റെ 'ആടുജീവിതത്തിൽ നാട്ടിലെ പച്ചപ്പും തെങ്ങും വാഴയും മാവുമെല്ലാം നായകന്റെ മനസ്സിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി കടന്നുവരുന്നു.
സാഹിത്യവും കേരളത്തിന്റെ ജൈവവൈവിധ്യവും
മലയാള സാഹിത്യത്തിലെ സസ്യസാന്നിധ്യത്തെക്കുറിച്ച് കൂടുതൽ വിശദമായി പഠിക്കാനും എഴുതാനും ഇനിയും ധാരാളമുണ്ട്. ഒരു ദീർഘമായ ഗവേഷണപ്രബന്ധമാക്കാതെ, സാധാരണ വായനക്കാർക്കും സാഹിത്യപ്രേമികൾക്കും ആസ്വദിക്കാവുന്ന ഒരു ചെറിയ ലേഖനമായി ചുരുക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
സാഹിത്യത്തിൽ കടന്നുവരുന്ന പൂക്കളെയും ചെടികളെയും മരങ്ങളെയും അവയുടെ പേരുകളായി മാത്രം കാണാതെ, നമ്മുടെ പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ഭാഗങ്ങളായി തിരിച്ചറിയാൻ ഈ കുറിപ്പ് പുതുതലമുറയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്യജാലങ്ങളെ സ്നേഹിക്കാത്ത ഒരാൾക്ക് നല്ല കവിയോ സാഹിത്യകാരനോ ചിത്രകാരനോ ആകാൻ സാധിക്കുമോ ?
നിങ്ങൾക്ക് ഇഷ്ടപ്പെട്ട സാഹിത്യകൃതികളിലും കവിതകളിലും സിനിമാഗാനങ്ങളിലും പരാമർശിച്ചിട്ടുള്ള പൂക്കളെയും ചെടികളെയും മരങ്ങളെയും കുറിച്ച് കമന്റിൽ പങ്കുവെക്കുമല്ലോ. നമുക്ക് മലയാള സാഹിത്യത്തിലെ സസ്യലോകത്തെ ഒരുമിച്ച് കണ്ടെത്താം.
കൂടുതൽ വായനയ്ക്ക്
https://madhankarky.blogspot.com/2010/09/research-top-100-words-used-in-tamil.html
https://www.floweraura.com/blog/songs-having-flower-lyrics?
https://www.reddit.com/r/kollywood/comments/1d8flgy/favourite_songs_with_flowers/
https://www.quora.com/What-are-the-most-commonly-used-words-in-Hindi-songs




Comments