പക്ഷെ നാല് കാലിൽ നടന്നിരുന്ന മനുഷ്യൻ രണ്ട് കാലിൽ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയതോടെ അവൻ്റെ നാണം മറയ്ക്കാൻ വസ്ത്രം ആവശ്യമായി വന്നു. മൃഗങ്ങൾ വാല്കൊണ്ട് മറയ്ക്കുന്ന മാനം അങ്ങനെ മനുഷ്യൻ വസ്ത്രം കൊണ്ട് മറക്കുന്നു. വസ്ത്രത്തെ ഉപേക്ഷിക്കാനുള്ള പരീക്ഷണങ്ങൾ പലയിടത്തും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല.
മൃഗങ്ങൾക്കും പക്ഷികൾക്കും തൊലിപ്പുറം സംരക്ഷിക്കാൻ രോമങ്ങളോ തൂവലുകളോ ഉണ്ട്. പക്ഷെ അത് ഇല്ലാത്ത മനുഷ്യരുടെ മൃദുലമായ ത്വക്കിനെ സംരക്ഷിക്കാൻ മരത്തിൻ്റെ തോലോ മൃഗങ്ങളുടെ തോലോ പക്ഷികളുടെ തൂവലോ ഒക്കെ നമ്മൾ സ്വീകരിക്കാൻ തുടങ്ങി.
നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അവൻ സ്വന്തം ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങി. പച്ചമരുന്നുകളും ആയുർവേദവും ഒക്കെ അവനെ അതിന് സഹായിച്ചു.
രസായന ചികിത്സയും പഞ്ചകർമ്മ ശുദ്ധീകരണവും എണ്ണയും കുഴമ്പും തേച്ച് കുളിയും എല്ലാം സൗന്ദര്യ വർദ്ധനവിനും യുവത്വ സംരക്ഷണത്തിനും മറ്റുമായി കേരളത്തിൽ പരമ്പരാഗതമായി ചെയ്തിരുന്നു.
യുവത്വത്തെയും പ്രതിരോധശേഷിയെയും നിലനിർത്തുന്നത് ഓജസ്സ് ആണെന്നാണ് ആയുർവ്വേദം പറയുന്നത്. ഓജസ്സ് എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും അടിസ്ഥാന പ്രാണശക്തി, രോഗപ്രതിരോധശേഷി, യുവത്വത്തിന്റെ പ്രഭ എന്നിവയെ സൂചിപ്പിക്കുന്ന ഏറ്റവും സൂക്ഷ്മവും പ്രധാനപ്പെട്ടതുമായ സങ്കല്പമാണ്. ശരീരത്തിലെ സപ്തധാതുക്കളുടെയും (രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം/ആർത്തവം) ഏറ്റവും ശുദ്ധവും സൂക്ഷ്മവുമായ സാരാംശമായാണ് ഓജസ്സിനെ ആചാര്യന്മാർ വിശേഷിപ്പിക്കുന്നത്.
പോഷകസമൃദ്ധവും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരം, നെല്ലിക്ക, അശ്വഗന്ധ, ശതാവരി, അമൃതവള്ളി, ച്യവനപ്രാശം തുടങ്ങിയ രസായനങ്ങൾ, നല്ല ഉറക്കവും വിശ്രമവും, സന്തോഷവും സംതൃപ്തിയും സൗമ്യമായ ജീവിതശൈലിയും കൊണ്ട് ഓജസ്സും ആയുസ്സും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാനാണ് ആയുർവ്വേദം അനുശാസിക്കുന്നത്.
'ആൾ പാതി ആടൈ പാതി' എന്ന തമിഴ് പഴംചൊല്ല് ഒരാളുടെ വ്യക്തിത്വം പകുതി ഇരിക്കുന്നത് അയാളുടെ വസ്ത്രധാരണത്തിലാണ് എന്ന് വ്യക്തമാക്കുന്നു. 'ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം' എന്ന മലയാളം പഴംചൊല്ല് മേക്കപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി മലയാളികളുടെ സൗന്ദര്യ പരീക്ഷണങ്ങളിൽ വിസ്ഫോടനാത്മകമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
പണ്ട് കാലത്ത് നമ്മുടെ നാട്ടിൽ കൊച്ചു ജിംനേഷ്യങ്ങൾ ഉണ്ടായിരുന്നു. അവിടെ ചുരുക്കം ചില ചെറുപ്പക്കാർ പോയി മസിൽ വച്ച് നടന്നിരുന്നു. അന്നൊക്കെ ജീവൻടോൺ എന്നും പവർമാൾട്ടും പോലെയുള്ള ആയുർവ്വേദ ലേബലിൽ ഇറങ്ങിയിരുന്ന ലേഹ്യങ്ങൾ ആയിരുന്നു അവർ മസിൽ വർദ്ധിപ്പിക്കാനുള്ള സപ്ലിമെന്റായി കഴിച്ചിരുന്നത്.
കളരിപ്പയറ്റ് യോഗ തുടങ്ങിയവയും ചിലരൊക്കെ പ്രാക്ടീസ് ചെയ്തിരുന്നു. ഭൂരിഭാഗം ജനങ്ങളും ഇതൊന്നും ചെയ്യാതെ തന്നെ വീട്ട് ജോലികൾ ചെയ്തു തന്നെ ശരീരത്തിന് ആവശ്യമായ വ്യായാമം കൊടുത്തിരുന്നു.
കേരളം സമ്പന്നമാകാൻ തുടങ്ങിയ കഴിഞ്ഞ പതിറ്റാണ്ടുകളിൽ ആഗോളവത്കരണത്തിന്റെയും മറ്റും ഫലമായി സൗന്ദര്യ വർധക വസ്തുക്കളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ തിക്താനുഭവങ്ങൾ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നു.
ഇത്തരം അപകടങ്ങളിൽ കൂടുതൽ സംഭവിക്കുന്നത് കൗമാരക്കാരിലും യുവാക്കളിലും ആണ്. കാരണം അവരാണല്ലോ സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത്.
കറുത്ത നിറം കുറവായി കാണുകയും വെളുത്ത നിറം സൗന്ദര്യത്തിന്റെ മാനദണ്ഡമാക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ത്യയിലെ സൗന്ദര്യ വ്യവസായത്തിന്റെ അടിത്തറ. ഇതിന് മുഖ്യധാരാ മാധ്യമങ്ങളും സിനിമകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. സോഷ്യൽ മീഡിയക്കാലത്ത് ഇതിന് അൽപ്പം മാറ്റം വരുന്ന പ്രവണതകൾ കാണപ്പെടുന്നുണ്ട്.
മിന്നുന്നതെല്ലാം പൊന്നല്ല!
സൗന്ദര്യമുള്ള ഒരു വസ്തുവിന് വേണ്ടി ജീവൻ കളയാൻ തയ്യാറായവരുണ്ട്, അത് പോലെ സൗന്ദര്യത്തിന് വേണ്ടി ജീവൻ കളയാൻ തയ്യാറാകുന്നവരും ഉണ്ട്.
അതുകൊണ്ടുതന്നെ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും ചികിത്സകളുടെയും ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാനും അനധികൃത ചികിത്സാകേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണം.സൗന്ദര്യത്തിന് വേണ്ടി ആഗ്രഹിക്കുന്നത് ഒരിക്കലും തെറ്റല്ല. സൗന്ദര്യം നമ്മുടെ ജീവിത വിജയത്തിനും സാഫല്യത്തിനും വളരെ അധികം സഹായിക്കുന്നുണ്ട്. പക്ഷേ പരസ്യങ്ങളിൽ ആകൃഷ്ടരായി വ്യാജ മരുന്നുകൾക്കും ചികിത്സയ്ക്കും വിധേയരാകുന്നതാണ് അപകടകരമാകുന്നത്.




Comments