![]() |
| എഴുത്തച്ചന്‍ (താളിയോല കാലഘട്ടം) |
മലയാള കവിതയുടെ ജന്മദശയില്‍ സംസ്കൃത സാഹിത്യത്തിന്‍റെ സ്വാധീനം മൂലം ഭക്തികാവ്യങ്ങളോ രാജാക്കന്‍മാരുടെ വീരചരിതങ്ങളോ ആയിരുന്നു ഉത്തമ കവിതകളായി പരിഗണിക്കപ്പെട്ടിരുന്നത്. കൂടാതെ കവിത കണക്ക് മുതൽ ശാസ്ത്രം വരെയുള്ള എല്ലാ വിഷയങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് ഇംഗ്ലീഷ് സാഹിത്യരചനാരീതികളുടെ സ്വാധീനഫലമായി കണക്കും ശാസ്ത്രവും എല്ലാം ഗദ്യമായും, സാഹിത്യ സൃഷ്ടികൾ കഥകൾ, നോവലുകൾ, ചെറുകഥകൾ, തുടങ്ങിയവയുമായി വേർപെട്ടു .
അതോടെ
കവിതയുടെ പ്രതാപം ക്ഷയിക്കാന്‍ തുടങ്ങി. രാജാക്കന്‍മാരുടെ കൊട്ടാരങ്ങള്‍ വിട്ടു കവിത സാധാരണക്കാരുടെ പട്ടിണിയും ദാരിദ്ര്യവും ഹൃദയംകൊണ്ട് അറിഞ്ഞു. സാധാരണക്കാർക്കുവേണ്ടി കവിത ലളിതമായ ഭാഷ കൈക്കൊള്ളാന്‍ തുടങ്ങി.
ഇതോടൊപ്പം പ്രശസ്തരും അപ്രശസ്തരുമായവരുടെ ഫോക്‌ലോർ കവിതയുടെ ഒരു ഒഴുക്കും അടിത്തട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാട്ട് രൂപത്തിൽ ആയതു കൊണ്ടു അവയെ കവിതയായി പൊതുവെ ഗണിച്ചിരുന്നില്ല.
![]() |
| ചങ്ങമ്പുഴ (പുസ്തക കാലഘട്ടം) |
കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികളും അടിമുടി കാല്‍പ്പനികമായ കവിതകളിലൂടെ ചങ്ങമ്പുഴയും ഒക്കെ മലയാളികളെ കാവ്യ ലോകത്തിന്‍റെ ശക്തിയും സൗന്ദര്യവും കാട്ടിക്കൊടുത്തു.
പിന്നീട് സിനിമ എന്ന കലാരൂപത്തിന്‍റെ രംഗപ്രവേശവും റേഡിയോ ഗ്രാമഫോണ്‍ തുടങ്ങിയവയുടെ വരവോടും കൂടെ കവിത പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തി. ക്ലാസിസം,
റൊമാന്റിസം, ഫോക് ലോര്‍ തുടങ്ങിയ എല്ലാ സിദ്ധാന്തങ്ങളിലും പെട്ട വരികളുമായി കവികള്‍ സിനിമാഗാനങ്ങളും നാടകഗാനങ്ങളും എഴുതാന്‍ തുടങ്ങി.
![]() |
| കടമ്മനിട്ട (കാസറ്റ് കാലഘട്ടം) |
കവിത അങ്ങനെ അത്ഭുതപൂര്‍വ്വമായ ജനപ്രീതി അതിവേഗത്തിൽ നേടിയെടുക്കുന്ന ഒന്നായി മാറി. വയലാര്‍, പി ഭാസ്കരന്‍, ഓ.എൻ.വി തുടങ്ങിയ കവികള്‍ സിനിമാഗാനരചയിതാക്കൾ ആയതു സിനിമയുടെ ഭാഗ്യവും കവിതയുടെ നഷ്ടവും ആയിരിക്കാം.
ഗാനരചനയില്‍ താൽപര്യം കാട്ടാതിരുന്ന കടമ്മനിട്ട ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ കവികള്‍ കവിതയെ വേദികളില്‍ ചൊല്ലി അവതരിപ്പിക്കാന്‍ തുടങ്ങി. അത് മലയാളികള്‍ക്ക് കവിതയുടെ മറ്റൊരു ആസ്വാദന രീതിയായി മാറി. കവി തന്നെ സ്വന്തം കവിത താളത്തിലും ഈണത്തിലും ചൊല്ലിത്തരിക എന്നത് ഒരു അസുലഭമായ ഭാഗ്യമായി ആസ്വാദകര്‍ കരുതി. പിന്നെ അത് കാസറ്റുകളില്‍ ലഭ്യമാകാന്‍ തുടങ്ങി. കടമ്മനിട്ടയും ഓ.എൻ.വിയും മധുസൂദനന്‍നായരും ഒക്കെ ചൊല്ലിയ കവിതകള്‍ നാം വാങ്ങിക്കേട്ട് ആസ്വദിച്ചു.
![]() |
മുരുകന്‍ കാട്ടാക്കട (വിഡിയോ കാലഘട്ടം)
|
ക്ലാസിസത്തിലും റൊമാന്റിസത്തിലും ഉണ്ടായിരുന്ന വൃത്ത അലങ്കാര പ്രാസനിബന്ധനകള്‍ അയ്യപ്പപണിക്കര്‍ നേതൃത്വം നല്‍കിയ ആധുനിക കവിതയുടെ രംഗപ്രവേശത്തോടെ ക്ഷയിച്ചു. അതോടെ കൂടുതൽ ആളുകൾ കവിത എഴുതാൻ തുടങ്ങി. കടമ്മനിട്ടയും ബാലചന്ദ്രന്‍ ചുള്ളിക്കാടും സച്ചിതാനന്ദനും ഒക്കെ ഒഴിഞ്ഞ കവിയരങ്ങുകളില്‍ ധാരാളം പേർക്ക് സജീവമാകാൻ അവസരം ലഭിച്ചു.
ടി.വി. എന്ന മാധ്യമം വന്നതോടെ കവികൾ കവിത ചൊല്ലുന്നതിനൊപ്പം അനുയോജ്യമായ ദൃശ്യങ്ങൾ ആസ്വാദകർക്ക് കാണാനുള്ള അവസരം ലഭിച്ചു തുടങ്ങിയിരുന്നു.
![]() |
| ഇന്റര്‍നെറ്റ് കാലഘട്ടം. |
ഇൻറർനെറ്റ് എന്ന മാധ്യമത്തിന്‍റെ വരവോടു കൂടി ബ്ലോഗ്, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ പത്രാധിപർ എന്ന കടമ്പ പോലും ഇല്ലാതെ
പുതിയ കവിതകൾ നിരന്തരം ഒഴുകിത്തുടങ്ങി.
ഇവിടെ
ചില ചോദ്യങ്ങള്‍ ഉയരുന്നു,
1, സംഗീതം, ദൃശ്യം എന്നിവയുടെ സഹായത്തോടെ കവിതയെ കൂടുതല്‍ വാണിജ്യവത്കരിക്കുന്നത് കവിതയുടെ വികാസത്തിന് സഹായകമാണോ?
2, അനായാസമായി എഴുതപ്പെടുന്ന ആധുനിക കവിതകള്‍ നിഷ്കളങ്കവും ലളിതവും ആണെങ്കിലും വേണ്ടത്ര ശക്തമല്ലാത്തതിനാല്‍ വൃത്തവും അലങ്കാരവും ഒക്കെയുള്ള പഴയകാല കവിതയിലേക്ക് തിരിച്ചു പോക്ക് അനിവാര്യമാണോ?
പ്രതീക്ഷ
1, കച്ചവട ലക്ഷ്യങ്ങള്‍ പരമാവധി ഉപേക്ഷിക്കുകയും ഓരോ വരിയുടെ പിന്നിലും അഗാധമായ ജ്ഞാനവും പ്രയത്നവും ആത്മാര്‍ത്ഥതയും സ്നേഹവും ഉള്‍ക്കൊള്ളുകയും ചെയ്താൽ കവിതയെ പുനരുജ്ജീവിപ്പിക്കാം .
2, എഴുതി മൂന്നു മാസമെങ്കിലും കഴിഞ്ഞേ ബ്ലോഗുകളില്‍ തങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് തീരുമാനിക്കുകയും അതിനിടെ പല സാഹിത്യ സദസ്സുകളില്‍ അവതരിപ്പിച്ചും വിഷയത്തിൽ അറിവുള്ളവരിൽ നിന്ന് അഭിപ്രായം തേടിയും തിരുത്തലുകൾ വരുത്തിയും മറ്റും കവിതകള്‍ പരമാവധി മെച്ചപ്പെടുത്താന്‍ ശ്രമിക്കും എന്ന് നമ്മള്‍ തീരുമാനം എടുത്താല്‍ ബ്ലോഗ് കവിതകളുടെ നിലവാരം ഉയര്‍ത്താന്‍ സാധിക്കും.
ഓരോ കാലഘട്ടവും കവിതയ്ക്ക് പുതിയ രൂപങ്ങളും അവതരണരീതികളും സമ്മാനിച്ചിട്ടുണ്ട്. ഇവയൊന്നും പരസ്പരം മത്സരിക്കുന്നവയല്ല; മറിച്ച് മലയാള കവിതയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. മാധ്യമങ്ങൾ മാറിയാലും, മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന ആഴമുള്ള അനുഭവങ്ങളും ഭാഷയുടെ സൗന്ദര്യവും നിലനിൽക്കുന്നിടത്തോളം കവിതയ്ക്ക് പുതുജന്മങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
(Copyright of this essay excluding photos Harisankar Kalavoor)





Comments