മലയാളം ബ്ലോഗുകളുടെ സുവർണ്ണകാലം എങ്ങനെ അവസാനിച്ചു?

ഇന്ന് ഒരു ചിന്ത ലോകത്തെ അറിയിക്കാൻ വെറും ഒരു സ്മാർട്ട്ഫോൺ മതി. എന്നാൽ ഒരു കാലത്ത് മലയാളത്തിൽ ഒരു ബ്ലോഗ് എഴുതുക എന്നത് ഇന്റർനെറ്റ് കഫേകളിലേക്കുള്ള യാത്രയും, മന്ദഗതിയിലുള്ള കണക്ഷനും, മണിക്കൂറുകളോളം നീണ്ട ക്ഷമയും ആവശ്യമായ ഒരു സൃഷ്ടിപരമായ അനുഭവമായിരുന്നു. ആ കാലഘട്ടത്തിൽ നിന്ന് ഓർക്കുട്ടിലേക്കും, ഫേസ്ബുക്കിലേക്കും, യൂട്യൂബിലേക്കും, ഇൻസ്റ്റാഗ്രാമിലേക്കും മാറിയ ഡിജിറ്റൽ യാത്ര നമ്മുടെ എഴുത്തിനെയും വായനാശീലങ്ങളെയും ചിന്താരീതികളെയും എങ്ങനെ മാറ്റിമറിച്ചു? വ്യക്തിപരമായ ഓർമ്മകളും നിരീക്ഷണങ്ങളും ചേർത്ത് മലയാളം ബ്ലോഗിങ്ങിന്റെ ഉയർച്ചയും ഇടിവും സോഷ്യൽ മീഡിയയുടെ സ്വാധീനവും ഈ ലേഖനത്തിൽ പരിശോധിക്കുകയാണ്.

മലയാളം ബ്ലോഗിങ്ങിന്റെ തുടക്കം

                                    മലയാളം യൂണികോഡ് ഫോണ്ട്കളെ സപ്പോർട്ട് ചെയ്യുന്ന
വിൻഡോസ് എക്സ്പി 2001 ൽ മൈക്രോസോഫ്റ്റ് റിലീസ് ചെയ്തപ്പോൾ ആണ്
കമ്പ്യൂട്ടറിൽ മലയാളം എഴുത്തിന്റെ വസന്തകാലം ആരംഭിച്ചത്. സിബു സി.ജെ  2002 ജൂണിൽ വരമൊഴി എഡിറ്റർ എന്ന ആപ്പ്ളിക്കേഷൻ നിർമ്മിച്ചത് കാര്യങ്ങൾ എളുപ്പമാക്കി. കമ്പ്യുട്ടറിൽ വരമൊഴി എഡിറ്റർ ആദ്യമായി ഇൻസ്റ്റാൾ ചെയ്ത ഓർമ്മകൾ നമ്മളിൽ പലർക്കും ഇപ്പോഴും ഉണ്ട്. 

ഇന്റർനെറ്റ് കഫേകളുടെ കാലം

                             അന്നൊക്കെ ബ്ലോഗ് എഴുതണമെങ്കിൽ ഒന്നുകിൽ ഇന്റർനെറ്റ് കഫെയിൽ പോകണം അല്ലെങ്കിൽ സ്വന്തം കംപ്യുട്ടറും ഇന്റർനെറ്റും വേണം.  സ്വന്തം കംപ്യുട്ടറും ഇന്റർനെറ്റും ഒക്കെ അപൂർവ്വം ആൾക്കാർക്കെ  ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ളവർ ഇന്റർനെറ്റ് കഫേയിലെ കുടുസ് മുറികളിൽ ഇരുന്നാണ് ബ്ലോഗ് എഴുതിയിരുന്നത്. 

             2002 ൽ തന്നെ എനിക്ക് സ്വന്തമായി കംപ്യുട്ടർ മേടിക്കാൻ സാധിച്ചിരുന്നു. പക്ഷേ നെറ്റ് കണക്ഷൻ അക്കാലത്ത് കിട്ടിയിരുന്നില്ല. ഇന്റർനെറ്റ് കഫേയിൽ പോയി എൻ്റെ ബ്ലോഗ് വായനയും എഴുത്തും  ആദ്യമായി തുടങ്ങിയത് 2007 മുതൽ  ആണെങ്കിലും 2011 മുതൽ ആണ് ബ്ലോഗ്ഗിലും സോഷ്യൽ മീഡിയയിലും ദൈനംദിനം സജീവമായി തുടങ്ങിയത്. കാരണം 2011 ൽ ആണ് വീട്ടിൽ  ബി എസ് എൻ എൽ ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചത്.

                   മലയാളം ബ്ലോഗ് എഴുത്തിന്റെ തുടക്ക സമയങ്ങളിൽ മെച്ചപ്പെട്ട ഇന്റർനെറ്റ് സൗകര്യമുള്ള വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ആണ്  കൂടുതൽ സജീവമാകാൻ സാധിച്ചിരുന്നത്. പിന്നെ മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്തിരുന്നവർക്കും ബ്ലോഗ്ഗിലും സോഷ്യൽമീഡിയയിലും  അക്കാലത്ത് സജീവമാകാൻ സൗകര്യമായിരുന്നു. 
ഓർക്കുട്ട് പ്രൊഫൈൽ ചാറ്റ് ജിപിടി
 ഉപയോഗിച്ച് നിർമ്മിച്ചത്.

 ഓർക്കുട്ടിൽ നിന്ന് ഫേസ്ബുക്കിലേക്ക്

         2008 ആയപ്പോഴേക്കും മലയാളികൾ ഓർക്കുട്ട് ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. മലയാളികൾ ആദ്യമായി ഉപയോഗിച്ച സോഷ്യൽ മീഡിയ ഗൂഗിളിന്റെ ഓർക്കുട്ട് ആയിരുന്നു. അതിന് മുൻപ് ചാറ്റ് റൂമുകളും ഫോറങ്ങളും കോളേജ് വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വിഹാര രംഗങ്ങൾ ആയിരുന്നു.

               2013-14 കാലഘട്ടത്തിൽ ഫേസ്‌ബുക്ക് മലയാളികളെ വൻതോതിൽ ആകർഷിച്ചു. 2014 സെപ്റ്റംബർ 30 ന് ഓർക്കുട്ട് പ്രവർത്തനം അവസാനിപ്പിച്ചു. ഗൂഗിൾ പ്ലസ്സിലൂടെ പിടിച്ചു നിൽക്കാൻ ഗൂഗിൾ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 

സ്മാർട്ട്ഫോണുകളും ബ്ലോഗിങ്ങിന്റെ ഇടിവും

             2014 കാലഘട്ടമായപ്പോൾ സ്മാർട്ട് ഫോണുകൾ സർവ്വ സാധാരണമായതോടെ കംപ്യുട്ടറുകൾ ഉപയോഗിച്ച് ബ്ലോഗുകൾ എഴുതുകയും വായിക്കുകയും ചെയ്യുന്ന ശീലം പതുക്കെ മലയാളികളിൽ നിന്ന് നഷ്ടപ്പെടാൻ തുടങ്ങി. ബ്ലോഗുകളിലെ കാർട്ടൂണുകളും നർമ്മലേഖനങ്ങളും കഥകളും കവിതകളും ഒക്കെ വായിച്ചിരുന്ന മലയാളികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫേസ്‌ബുക്കിലെ ട്രോളുകളിലൂടെയും മറ്റും  ഹാസ്യാത്മകമായി വിമർശിക്കാനും പ്രതികരിക്കാനും തുടങ്ങി. 

                ഒരു ബ്ലോഗ് എഴുതി പ്രസിദ്ധീകരിച്ചാൽ അത് വായനക്കാർ വായിച്ച് അഭിപ്രായങ്ങൾ പറയാൻ ദിവസങ്ങൾ എടുക്കുമെങ്കിൽ ഫേസ്‌ബുക്കിലെ ഓരോ പോസ്റ്റും നിമിഷങ്ങൾക്കുള്ളിൽ ലൈക്കുകളും കമന്റുകളും ഷെയറുകളും കൊണ്ട് നിറയും. പക്ഷെ ഫേസ്‌ബുക്കിലെ പോസ്റ്റുകളുടെ ജനകീയത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരും. പക്ഷെ ബ്ലോഗിലെ എഴുത്തുകൾ എന്നെന്നും തിരഞ്ഞുപിടിച്ചു വായിക്കാവുന്ന (Searchable) വിജ്ഞാനശേഖരമായി നിലനിൽക്കുന്നു.

വരുമാനവും പ്ലാറ്റ്ഫോം മാറ്റവും

മലയാളികളെ ബ്ലോഗ്ഗിൽ നിന്ന് പിന്തിരിപ്പിച്ച മറ്റൊരു കാരണം കഷ്ടപ്പെട്ട് എഴുതുന്നതിന് പ്രതിഫലം ഒന്നും ലഭിക്കുന്നില്ല എന്നതാണ്. 

            2016 ൽ ജിയോ യുടെ വരവോടെ മികച്ച സ്പീഡുള്ള ഇന്റർനെറ്റ് കുറഞ്ഞ നിരക്കിൽ ലഭിക്കാൻ തുടങ്ങിയതോടെ യുട്യൂബിൽ വ്‌ളോഗ് ചെയ്യുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചു. അതിലൂടെ നല്ല രീതിയിൽ വരുമാനവും അവർക്ക് ലഭിക്കാൻ തുടങ്ങി. ഇപ്പോൾ മലയാളം ബ്ലോഗ് പരസ്യം ഇടാൻ തുടങ്ങിയെങ്കിലും ഇംഗ്ലീഷിനെ അപേക്ഷിച്ച് വളരെ കുറച്ച് പണമേ ബ്ലോഗിൽ നിന്ന് ഉണ്ടാകാൻ സാധിക്കുന്നുള്ളു. ഇത് ബ്ലോഗിങ്ങ് അനാകര്ഷകമാക്കുന്നു. ഒരു ബ്ലോഗിന്റെ രൂപഭംഗിയും ഡൊമൈൻ നെയിമും ഒക്കെ രചയിതാവിന്റെ കലാബോധവും സാങ്കേതിക ജ്ഞാനവും സാമ്പത്തിക സ്ഥിതിയും ഒക്കെ കാണിക്കുമ്പോൾ ഫേസ്‍ബുക്കിന് അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല. 

                       വ്യക്തിപരമായി പറഞ്ഞാൽ ഫേസ്‌ബുക്കിൽ ആക്ടീവായ 2011 മുതൽ ഉള്ള വര്ഷങ്ങളിലെ ഭൂരിഭാഗം സമയവും ഒരു പ്രയോജനവും ഇല്ലാതെ ഞാൻ സ്ക്രോൾ ചെയ്ത് നശിപ്പിച്ചു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. എന്നാൽ ഫേസ്‌ബുക്ക് പൂർണ്ണമായി ഉപേക്ഷിക്കുന്നതും ഇക്കാലഘട്ടത്തിന് യോജിച്ചതല്ല. 

സൈബർ നിയമങ്ങളും സാമൂഹിക മാറ്റങ്ങളും

                    2014-നുശേഷമുള്ള മാറിയ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും വിവിധ ഐ.ടി. നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും ചില എഴുത്തുകാരിലും സോഷ്യൽ മീഡിയ ഉപയോക്താക്കളിലും സ്വയം സെൻസർഷിപ്പിനുള്ള പ്രവണത വർധിപ്പിച്ചിരിക്കാം. അതോടൊപ്പം  ബ്ലോഗിങ്ങിന്റെ ഇടിവിന് സ്മാർട്ട്ഫോണുകളുടെ വ്യാപനം, സോഷ്യൽ മീഡിയയുടെ ഉയർച്ച, വീഡിയോ കണ്ടന്റിന്റെ ജനപ്രീതി തുടങ്ങിയ നിരവധി ഘടകങ്ങളും കാരണമായിട്ടുണ്ട്.

                   രാഷ്ട്രീയ മാറ്റങ്ങൾ എഴുത്തുകാരെ സ്വയം സെൻസർഷിപ്പിലേക്ക് നയിച്ചെങ്കിൽ, പഴയ കാലത്ത് കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. മൻമോഹൻ സിംഗിന്റെ രണ്ടാം മന്ത്രിസഭയുടെ കാലഘട്ടത്തിൽ വൻ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഞാനുൾപ്പടെ ഉള്ള പലരുടെയും നേർക്ക് ഉണ്ടായെങ്കിലും അന്ന് ഞങ്ങളുടെ ആരുടെയും ജാതി ഏത് മതം ഏത് എന്ന് ആരും നോക്കിയില്ല, ഞങ്ങളുടെയൊക്കെ 'അഹങ്കാരം', 'സൃഷ്ടികളിലെ നിലവാരത്തകർച്ച' എന്നിവയൊക്കെയാണ് ബ്ലോഗ്ഗര്മാരെയും യൂട്യൂബർമാരെയും മറ്റും പ്രകോപിപ്പിച്ചത്. പക്ഷെ ആക്രമിക്കുന്നവരുടെ യുട്യൂബ് ചാനലിലും ബ്ലോഗിലും ഒക്കെ ഞങ്ങളുടേതിനേക്കാൾ  നിലവാരം കുറഞ്ഞ സൃഷ്ടികളാണ് ഉള്ളതെന്ന് ബെർളി തോമസിനെ പോലുള്ള മുഖ്യധാരാ ബ്ലോഗർമാർ തന്നെ ചൂണ്ടികാണിച്ചിട്ടുണ്ട്.  കൂടാതെ അവരുടെ വിമർശന ഭാഷയും ഒട്ടും നിലവാരം ഉള്ളതും വിനയം നിറഞ്ഞതും അല്ലായിരുന്നു. 

                               സൈബർ നിയമങ്ങൾ രൂപപ്പെട്ടിട്ടില്ലാതിരുന്ന കാലത്ത് സാമ്പത്തികമായി സമ്പന്നരായിരുന്ന ചിലർക്ക് ഇഷ്ടംപോലെ വ്യക്തിഹത്യ നടത്തി പോപ്പുലർ ആകാൻ പറ്റുന്ന മേഖലയായി സൈബർ സ്‌പേസ് മാറിയിരുന്നു.  എന്നാൽ സൈബർ നിയമങ്ങൾ കുറേക്കൂടി  ശക്തമാക്കിയത് അത്തരക്കാരെ സൈബർ മീഡിയയിൽ നിന്ന് ഒരു പരിധിവരെ അകറ്റി നിർത്തി. ഇന്നും വ്യക്തി ഹത്യാ പോസ്റ്റുകൾക്ക് ആണ് കൂടുതൽ റീച്ചും ലൈക്കും കമന്റും കിട്ടുന്നത്. പക്ഷെ അധിക ദിവസം അത് നീണ്ട് നിൽക്കാറില്ല എന്ന് മാത്രം. ബ്ലോഗിനെ പറ്റിയും സൈബർ മീഡിയയെയും പറ്റി പറയുമ്പോൾ ഇക്കാര്യം കൂടെ പറയാതെ പൂർണ്ണമാകില്ല എന്നത് കൊണ്ട് മാത്രം ഇക്കാര്യം പരാമർശിക്കുന്നു എന്നേയുള്ളു. 

ഡോപ്പമിൻ ട്രാപ്പും സ്ലോ ബേണും' (Dopamine Trap vs. Slow Burn)

        ഫേസ്‌ബുക്ക് പോലുള്ള സൈബർ മീഡിയ നമ്മളെ അഡിക്ടാക്കാൻ  ഉപയോഗിക്കുന്നതാണ് ഡോപ്പമിൻ ട്രാപ്പ്. നമ്മൾ ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഒരു ചെറിയ ചിന്തയോ, ഫോട്ടോയോ, വരച്ച ചിത്രത്തിന്റെ ഒരു ഭാഗമോ, അല്ലെങ്കിൽ ഒരു വരിയോ പോസ്റ്റ് ചെയ്യുമ്പോൾ മിനിറ്റുകൾക്കകം


ലൈക്കുകളും കമന്റുകളും ഷെയറുകളും വരാൻ തുടങ്ങുന്നു.

തലച്ചോറിലെ മാറ്റം: ഈ ലൈക്കുകൾ കാണുമ്പോൾ നമ്മുടെ തലച്ചോറിൽ 'ഡോപ്പമിൻ' (Dopamine) എന്ന കെമിക്കൽ റിലീസ് ചെയ്യപ്പെടും. ഇതൊരു താൽക്കാലിക സന്തോഷം അല്ലെങ്കിൽ ഒരു തരം 'ലഹരി' തരും.

പതിയെ പതിയെ നമ്മുടെ മനസ്സ് ഈ പെട്ടെന്നുള്ള അംഗീകാരത്തിന് (Instant Gratification) അടിമപ്പെടും. ഒരു വർക്ക് ചെയ്യുമ്പോൾ അതിൽ നിന്ന് കിട്ടുന്ന ആനന്ദത്തേക്കാൾ, അത് പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന ലൈക്കുകളിലാണ് മനസ്സ് ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇതിന്റെ ഫലമായി ദിവസങ്ങളോ മാസങ്ങളോ എടുത്ത് ചെയ്യേണ്ട വലിയ പ്രോജക്റ്റുകൾ പൂർത്തിയാക്കാനുള്ള ക്ഷമ നഷ്ടപ്പെടുന്നു. കാരണം, അതിൽ നിന്ന് പെട്ടെന്ന് ലൈക്കുകൾ കിട്ടില്ല.

സ്ലോ ബേൺ (The Slow Burn) – 'പതിഞ്ഞ കത്തൽ

യഥാർത്ഥ സർഗ്ഗാത്മകത ജനിക്കുന്നത് ഇവിടെയാണ്. ഒരു വലിയ ആശയം മനസ്സിൽ വന്ന്, അത് പതിയെ പതിയെ രൂപപ്പെട്ട്, മാസങ്ങളോളം ആരും കാണാതെ ഒരു സ്റ്റുഡിയോയ്ക്കുള്ളിലിരുന്ന് ചെയ്ത് തീർക്കുന്ന ആ ഒരു പ്രക്രിയയാണ് 'സ്ലോ ബേൺ'.

  • ഒരു കനൽ പോലെ: ഇത് പെട്ടെന്ന് കത്തിത്തീരുന്ന ഒന്നല്ല, ഉള്ളിലിരുന്ന് പതിയെ കരിയുന്ന കനൽ പോലെയാണ്. ഇവിടെ കലാകാരൻ ആസ്വദിക്കുന്നത് ആ സൃഷ്ടി നിർമ്മിക്കുന്ന പ്രക്രിയയെയാണ് (Process-oriented), അതിന്റെ ഫലത്തെയല്ല (Result-oriented).

  • ആഴമുള്ള ചിന്തകൾ: ഒരു ആശയത്തിൽ ദിവസങ്ങളോളം ഉറങ്ങി എഴുന്നേൽക്കുമ്പോഴും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മാത്രമാണ് അതിന് ആഴവും പൂർണ്ണതയും ഉണ്ടാവുക. പഴയകാല ബ്ലോഗർമാരും എഴുത്തുകാരും ആനിമേഷൻ ചെയ്യുന്നവരുമെല്ലാം ഈ 'സ്ലോ ബേൺ' അനുഭവിച്ചിരുന്നവരാണ്. കാരണം അന്ന് പെട്ടെന്ന് ലൈക്കുകൾ തരാൻ സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ ഇല്ലായിരുന്നു.

ഇത് നമ്മുടെ ക്രിയേറ്റിവിറ്റിയെ എങ്ങനെ ബാധിക്കുന്നു?

"ഫേസ്ബുക്ക് നമ്മുടെ 'സ്ലോ ബേൺ' ചെയ്യാനുള്ള ശേഷിയെ ഇല്ലാതാക്കി, നമ്മളെ 'ഡോപ്പമിൻ' അഡിക്ടുകളാക്കി  മാറ്റി."

                            ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ ശ്രദ്ധയും ക്ഷമയും കുറഞ്ഞുപോയി.

  • ഒരു കഥയെഴുതാൻ ഇരിക്കുമ്പോൾ, ആദ്യത്തെ പാരഗ്രാഫ് എഴുതിക്കഴിയുമ്പോഴേക്കും അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ എത്ര ലൈക്ക് കിട്ടുമെന്ന് നമ്മൾ ചിന്തിച്ചു തുടങ്ങും.

  • അതോടെ ആ കഥയുടെ ആഴം നഷ്ടപ്പെടുന്നു. നമ്മൾ 'അൽഗോരിതത്തിന്' വേണ്ടിയും ജനങ്ങളെ കയ്യിലെടുക്കാനും വേണ്ടി മാത്രം സൃഷ്ടികൾ നടത്താൻ തുടങ്ങും.

        സോഷ്യൽ മീഡിയയ്ക്ക് മുൻപുള്ള കാലഘട്ടത്തിൽ ദീർഘകാല അധ്വാനവും ആഴത്തിലുള്ള ചിന്തയും ആവശ്യമായ കലാസൃഷ്ടികൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിലൂടെ നിരവധി പുതിയ പ്രതിഭകൾക്കും അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നതും അവഗണിക്കാനാവില്ല.

ഇന്റർനെറ്റ്: സമയം നശിപ്പിക്കുകയാണോ, 

ജീവിതം സമ്പന്നമാക്കുകയാണോ?

                   നമ്മുടെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ ദിശ പലപ്പോഴും സാങ്കേതിക മുന്നേറ്റങ്ങളും (3G, 4G, 5G തുടങ്ങിയവ) ആഗോള ടെക് കമ്പനികളുടെ പ്ലാറ്റ്ഫോമുകളും ചേർന്നാണ് നിർണയിക്കുന്നത്. എന്നാൽ ആ സാങ്കേതികവിദ്യയെ താൽക്കാലിക വിനോദങ്ങൾക്കും അനാവശ്യ സ്ക്രോളിങ്ങിനുമാണോ ഉപയോഗിക്കുന്നത്, അതോ അറിവിനും സർഗ്ഗാത്മകതയ്ക്കും വ്യക്തിവികസനത്തിനുമാണോ ഉപയോഗിക്കുന്നത് എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഇന്റർനെറ്റ് ഉപയോഗം ജീവിതത്തെ സമ്പന്നമാക്കുകയാണോ, അതോ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണോ എന്ന് ഇടയ്ക്കിടെ ആത്മപരിശോധന നടത്തേണ്ടത് ആവശ്യമാണ്.
            നിങ്ങളുടെ ബ്ലോഗ്, ഓർക്കുട്ട്, യുട്യൂബ്, ഫേസ്‌ബുക്ക്, റ്റിക്റ്റോക്ക്,  ഇൻസ്റ്റാഗ്രാം അനുഭവങ്ങൾ അപഗ്രഥിച്ച് എത്രമാത്രം സ്വാധീനം ഗുണപരമായും ദോഷകരമായും വന്നിട്ടുണ്ട് എന്ന് കമൻറ്  ചെയ്യാമോ? ഏത് മാധ്യമമാണ് നിങ്ങൾക്ക് ഏറ്റവും ഗുണം ചെയ്തത്? 

Comments

Anonymous said…
പോയകാലത്തിന്റെ മധുര സ്മരണകൾ ഉണർത്തിയ ബ്ലോഗ് പോസ്റ്റ്...ആശംസകൾ