കലവൂരിൻ്റെ സമഗ്ര വികസനം: പ്രതിസന്ധികളും പ്രതിവിധികളും

ഓരോ നാടും നഗരവും കാലത്തിനൊപ്പം വളരുകയും പുരോഗമിക്കുകയും 
ചെയ്യുന്നതാണ്ന മ്മൾ സാധാരണയായി കാണുന്നത്. പുതിയ സ്ഥാപനങ്ങൾ വരുന്നു, തൊഴിലവസരങ്ങൾ വർധിക്കുന്നു, ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുന്നു, ജീവിതം കൂടുതൽ സജീവമാകുന്നു. എന്നാൽ ഞങ്ങൾ ജനിച്ചു വളർന്ന കലവൂരിന്റെ കഥ അതിൽ നിന്ന് വ്യത്യസ്തമാണ്. ഓരോ വർഷം കഴിയുന്തോറും ഉണ്ടായിരുന്ന ഓരോ സൗകര്യങ്ങളും സ്ഥാപനങ്ങളും തൊഴിൽ സാധ്യതകളും ഒന്നിനു പിന്നാലെ ഒന്നായി നഷ്ടപ്പെട്ട്, ഒരു നാട് പതിയെ ദരിദ്രമാകുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്.

വർഷങ്ങൾക്ക് മുൻപ് കണിച്ചുകുളങ്ങര ക്ഷേത്രത്തിലേക്ക് കുംഭകുടവുമായി പോകുന്ന ഭക്തരെ മനോരമ തീയേറ്ററിന് സമീപം പാർട്ടി ഓഫീസ് പ്രവർത്തിച്ചിരുന്ന രണ്ടുനില കെട്ടിടത്തിൽ കയറി നിന്ന് ഞാൻ പകർത്തിയതാണ്. അന്നത്തെ കലവൂർ ജംഗ്ഷന്റെ തിരക്കും ചൈതന്യവും ഈ ചിത്രത്തിൽ വ്യക്തമായി കാണാം.

ഒരു നിരകടകളും മരങ്ങളും എല്ലാം നീക്കിയതിന് ശേഷമുള്ള കലവൂരിൻ്റെ ചിത്രം അതേ സ്ഥലത്ത് നിന്ന് ഞാൻ എടുത്ത ഫോട്ടോ.  പണിതീരുമ്പോൾ അടിപൊളി യാകുന്ന കലവൂർ പട്ടണത്തിന്റെ ഫോട്ടോ ഇത് പോലെ എടുക്കണം എന്ന് കരുതിയാണ് ഇത് തുടർച്ചയായി എടുത്തത്. 
പണി തീരാറായപ്പോൾ 2026 ജൂലൈയിൽ എടുത്ത ഫോട്ടോ. തകർന്ന ഹൃദയത്തോടെയാണ് സത്യത്തിൽ ഈ ചിത്രം എനിക്ക് എടുക്കാൻ സാധിച്ചത്. 


ഈ ചിത്രം യഥാർത്ഥ ഫോട്ടോ അല്ല. അതേ സ്ഥലത്ത് അണ്ടർപാസിന് പകരം തൂണുകളിൽ മേൽപ്പാലം നിർമ്മിച്ചാൽ ഒരു സാധ്യത എങ്ങനെയായിരിക്കുമെന്നത് ദൃശ്യവൽക്കരിക്കാൻ ChatGPT ഉപയോഗിച്ച് ഞാൻ തയ്യാറാക്കിയ ഒരു കോൺസെപ്റ്റ് ഡിസൈനാണ് ഇത്.

കലവൂരിൻ്റെ നഷ്ടപ്പെട്ട വ്യാവസായിക പ്രൗഢി


മൊറാർജി കെമിക്കൽ കമ്പനി  

           കലവൂരിന്റെ നഷ്ടങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് 1993-ൽ പ്രവർത്തനം അവസാനിപ്പിച്ച പ്രീമിയർ മൊറാർജി കെമിക്കൽ കമ്പനി ലിമിറ്റഡ് ആണ്.  കലവൂരിൽ നിന്ന് ബ്ലോക്ക് കവലയിലേക്ക് നടന്നുപോകുമ്പോൾ, ഒരുകാലത്ത് നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന ആ ഫാക്ടറിയുടെ അവശേഷിപ്പുകൾ  ഇന്നും കാണാം. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാരണങ്ങളാൽ പ്രവർത്തനം അവസാനിപ്പിച്ച ആ സ്ഥാപനം അനേകം കുടുംബങ്ങളുടെ ഉപജീവനമാർഗം ആയിരുന്നു.

എക്സൽ ഗ്ലാസ് ഫാക്ടറി

         അടുത്ത വലിയ നഷ്ടം 2012-ൽ പ്രവർത്തനം നിലച്ച എക്സൽ ഗ്ലാസ് ഫാക്ടറിയാണ്. കലവൂരിനും പാതിരപ്പള്ളിക്കും ഇടയിൽ സ്ഥിതിചെയ്തിരുന്ന ഈ സ്ഥാപനം ഒരുകാലത്ത് പ്രദേശത്തിന്റെ പ്രധാന വ്യവസായ കേന്ദ്രമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും വർധിച്ച നഷ്ടവും കാരണം ഫാക്ടറി അടച്ചുപൂട്ടിയതായാണ് പൊതുവെ അറിയപ്പെടുന്നത്. സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.

ഉദയാ സ്റ്റുഡിയോ

           പാതിരപ്പള്ളിക്കും കലവൂരിനും ഇടയിൽ പ്രശസ്ത ചലച്ചിത്രപ്രവർത്തകനും വ്യവസായിയുമായ കുഞ്ചാക്കോ സ്ഥാപിച്ച രണ്ട് മഹത്തായ സ്ഥാപനങ്ങളായിരുന്നു ഉദയാ സ്റ്റുഡിയോയും എക്സൽ ഗ്ലാസ് ഫാക്ടറിയും. ഇന്ന് രണ്ടും ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

               എത്രയോ കലവൂരുകാർ എക്സൽ ഗ്ലാസ് ഫാക്ടറിയിൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്നു. അതുപോലെ ഉദയാ സ്റ്റുഡിയോയുടെ സാന്നിധ്യം സിനിമ എന്ന സ്വപ്നത്തിലേക്ക് നിരവധി യുവാക്കളെ ആകർഷിച്ചു. കലവൂരിൽ നിന്നുള്ള ചലച്ചിത്രതാരം രതീഷ്, തിരക്കഥാകൃത്ത് ശാരംഗപാണി,  തുടങ്ങിയവർക്ക് സിനിമയിലേക്കുള്ള പ്രചോദനമായി ഉദയാ സ്റ്റുഡിയോ പ്രവർത്തിച്ചിട്ടുണ്ട്.

                      മലയാള സിനിമയുടെ ചരിത്രത്തിൽ അഭിമാനസ്ഥാനം നേടിയിരുന്ന ഉദയാ സ്റ്റുഡിയോ പൂർണമായും പൊളിച്ചുനീക്കപ്പെട്ടത് വേദനയോടെയാണ് നമ്മൾ കണ്ടത്. വരും തലമുറയ്ക്ക് ആ ചരിത്രം അറിയാൻ, പഴയ ഓർമ്മകളും സിനിമാ പാരമ്പര്യവും അനുഭവിക്കാൻ, അവിടെ കുറച്ച്  സ്ഥലമെങ്കിലും  സ്മാരകമായി സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ വലിയ നഷ്ടമാണ്.

ആലപ്പുഴ റേഡിയോ സ്റ്റേഷൻ 

         ആലപ്പുഴ റേഡിയോ സ്റ്റേഷൻ കലവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത് പക്ഷെ അത് കൊണ്ട് ഇവിടെ ആർക്കും പ്രയോജനം കിട്ടുന്നില്ല. കാരണം അവിടെ പ്രക്ഷേപണം ഇല്ല. റിലേ സ്റ്റേഷൻ മാത്രമായിട്ടാണ് ഏക്കറ്‌ കണക്കിന് സ്ഥലം ഉപയോഗിച്ച് ഈ കെട്ടിടം വർക്ക് ചെയ്യുന്നത്. ഇവിടെ നിന്ന് പ്രക്ഷേപണം ചെയ്താൽ ആലപ്പുഴയിലെ എത്രയോ കലാകാരന്മാർക്കും മറ്റ് പ്രതിഭാശാലികൾക്കും അവസരം ലഭിക്കും. അനുബന്ധമായി കലവൂരിലെയും പരിസര പ്രദേശങ്ങളിലെയും കച്ചവടങ്ങളും തൊഴിലവസരങ്ങളും വർദ്ധിക്കും. 

കയർ മേഖല 

                      കയർ ബോർഡിൻറെ റീജിയണൽ ഓഫീസ് കലവൂരിൽ ആണ്. അതോടൊപ്പം ഇൻറർ നാഷണൽ കയർ മ്യുസിയവും കലവൂരിൽ ആണ്. കലവൂരിലും പരിസര പ്രദേശങ്ങളിലുമായി Palm Fibre (India) Pvt Limited, N.C. John & Sons (P) Ltd, D C Mills Pvt Ltd, തുടങ്ങിയ വൻകിട കയർ ഫാക്ടറികൾ ഉണ്ട്. രവികരുണാകരൻ കലവൂർ ഗോപിനാഥ് തുടങ്ങിയവർ സ്ഥാപിച്ച കയർ ഫാക്ടറികളും കലവൂരിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 

                   പക്ഷെ ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ തൊണ്ട് ചീയിച്ച്, തല്ലി ചതച്ച് ചകിരി എടുത്ത് കയറാക്കി, അത് വീടുകളോട് അനുബന്ധിച്ച് ഉണ്ടായിരുന്ന കൊച്ച് കയർ തടുക്കാഫീസിൽ നെയ്ത് പലതരം ഉത്പന്നങ്ങൾ ആക്കി മാറ്റിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ തമിഴ് നാട്ടിൽ നിന്നാണ് കയറും ചകിരിയും ഒക്കെ വരുന്നത്. ഇവിടെ അത് വലിയ ഫാക്ടറികളിൽ വിവിധ കയറുത്പന്നങ്ങളാക്കി മാറ്റി കയറ്റുമതി ചെയ്യുന്നു. 

         പക്ഷെ നമ്മുടെ വീടുകളിൽ ഉള്ള തൊണ്ട് ശേഖരിച്ച് അതിനെ  നമ്മൾ തന്നെ കയറാക്കി, പിന്നെ വിവിധ ഉത്പന്നങ്ങൾ ആക്കി മാറ്റിയാൽ കേര കർഷകർക്കുൾപ്പടെ എത്രയോ പേർക്ക് വരുമാനവും തൊഴിലും ലഭിക്കും.

                             ഇപ്പോൾ തന്നെ ആലപ്പുഴയിലെ പല വൻകിട കയർ ഫാക്ടറികളും തമിഴ് നാട്ടിലേക്ക് പ്രവർത്തനം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കാരണം തമിഴ് നാട്ടിൽ നിന്ന് ചകിരിയും കയറും ഒക്കെ ഇവിടെ കൊണ്ട് വന്ന് ഉത്പന്നമാക്കുന്ന ഇരട്ടി ചിലവ് കുറക്കാൻ അവർ തമിഴ് നാട്ടിലേക്ക് വ്യവസായങ്ങൾ മാറ്റുകയാണ്. അങ്ങനെ ആയാൽ ഈ മേഖലയിൽ എത്രയോ വലിയ തൊഴിൽ നഷ്ടമാണ് ഉണ്ടാകുന്നത്.   

ദേശീയപാത വികസനവും പുതിയ പ്രതിസന്ധികളും

          എന്നാൽ ഈ നഷ്ടങ്ങളെയെല്ലാം കവച്ചുവയ്ക്കുന്ന വിധത്തിലാണ് ഇന്ന് ദേശീയപാത വികസനത്തിന്റെ ആഘാതം കലവൂരിൽ അനുഭവപ്പെടുന്നത്.

                  കുറച്ച് വർഷങ്ങൾക്കുമുമ്പ് വരെ കലവൂരിൽ മുപ്പതിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് ഉണ്ടായിരുന്നു. അനേകം ഓട്ടോറിക്ഷകളും ടാക്സികളും ചരക്കുവാഹനങ്ങളും ഇവിടെ പാർക്ക് ചെയ്ത് സർവീസ് നടത്തിയിരുന്നു. നൂറുകണക്കിന് ആളുകൾക്ക് ഇതുവഴി തൊഴിലും ഉപജീവനവും ലഭിച്ചിരുന്നു. ഇന്ന് അവയിൽ പലതും ഓർമ്മകൾ മാത്രമാണ്. 

              വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെട്ടതോടെ ഡ്രൈവർമാരുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതം കൂടുതൽ പ്രയാസകരമായി. കച്ചവട സ്ഥാപനങ്ങളിലെ വ്യാപാരം ഗണ്യമായി കുറഞ്ഞു. ചില ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം വരെ ഉണ്ടായി.

                ഇതിനോടൊപ്പം, നിലവിലെ അണ്ടർപാസ് സംവിധാനത്തെക്കുറിച്ചും പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ചെറിയ മഴ പെയ്താലും വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. മണ്ണ് നിറച്ച വലിയ ഭിത്തികളുടെ സുരക്ഷയെക്കുറിച്ചും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ആശങ്കയുണ്ട്.


സിമൻ്റ് ഇൻറർ ലോക്ക് കടകൾക്ക് മഴ പെയ്തപ്പോൾ ഉണ്ടായ വിള്ളലുകൾ ഉദ്യോഗസ്ഥന്മാർ വന്ന് നോക്കിയിരുന്നു. പിറ്റേദിവസം പണിക്കാർ വന്ന് സിമൻ്റ് തേച്ച് അടക്കുന്നു.








ജനങ്ങളുടെ കൂട്ടായ്മയും ആവശ്യങ്ങളും

      ഈ സാഹചര്യത്തിലാണ് കലവൂരിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും പൊതുജനങ്ങളും ചേർന്ന് ഒരു പ്രധാന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. നിലവിലെ മണ്ണ് നിറച്ച അണ്ടർപാസിന് പകരം തൂണുകളെ അടിസ്ഥാനമാക്കിയുള്ള (pillar-based) അണ്ടർപാസ് പരിഗണമെന്നാണ് ആവശ്യം. അങ്ങനെ ചെയ്താൽ പാർക്കിംഗ് സൗകര്യങ്ങളും പ്രാദേശിക ഗതാഗത സംവിധാനവും വ്യാപാര പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് നമ്മളുടെ പ്രതീക്ഷ.


ജനകീയ കൺവെൻഷനിൽ ശ്രീ സി ആർ നീലകണ്ഠൻ പ്രസംഗിക്കുന്നു. പ്രിയ എം. എൽ. എ. എ ഡി  തോമസ്  പഞ്ചായത്ത് മെമ്പർ ശ്രീമതി സിനി മോൾ സുരേഷ്, ശ്രീ ബഷീർ തെക്കേമുറിയിൽ, മുൻ പഞ്ചായത്ത് മെമ്പർ പി ജി സുനിൽ കുമാർ, ശ്രീ സന്തോഷ്, ശ്രീ അബു തുടങ്ങിയവർ തുടർന്ന് സംസാരിച്ചു. 

വ്യാപാരി വ്യവസായി സമിതിയുടെ പ്രമേയം വാർത്തയായി വന്നപ്പോൾ 


                       ഇത് ഒരു റോഡിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള ചർച്ച മാത്രമല്ല. ഒരു നാടിന്റെ അതിജീവനത്തെക്കുറിച്ചുള്ള ചർച്ചയാണ്. ജനിച്ച നാട്ടിൽ തന്നെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവസരം ഓരോ പൗരനും ലഭിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. കലവൂരിൽ കുറെയേറെ വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും ടാക്‌സികളും ഓട്ടോറിക്ഷകളും ബസ്സുകളും ഒക്കെ വന്നാൽ എത്രമാത്രം തൊഴിൽ അവസരങ്ങളാണ് ഈ കൊച്ചു പട്ടണത്തിൽ തന്നെ ഉണ്ടാകാൻ പോകുന്നത്! 

         അല്ലായെങ്കിൽ തൊഴിലും ആനുകൂല്യങ്ങളും ഒക്കെ നൽകി യുവതലമുറയെ നാട്ടിൽ തന്നെ എങ്ങനെ പിടിച്ചു നിർത്താൻ സാധിക്കും?

                    കേരള സർക്കാരും കേന്ദ്ര സർക്കാരും കലവൂരിലെ ജനങ്ങളുടെ ആശങ്കകൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, മലയാള സിനിമയുടെ അഭിമാനമായ ഉദയാ സ്റ്റുഡിയോയുടെ ഓർമ്മ നിലനിർത്താൻ ഒരു ചെറിയ സ്മാരകമെങ്കിലും സ്ഥാപിക്കാനുള്ള നടപടികളും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

തൂണുകളിലെ മേൽപ്പാലം ആക്കുന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ.

1. പണിതീരാറായ ഈ അണ്ടർ പാസ് പൊളിച്ച് പണിയാൻ അനുവാദം കിട്ടുമോ?

2. പൊളിക്കാൻ തീരുമാനിച്ചാൽ ഇതിന്റെ അവശിഷ്ടങ്ങൾ എങ്ങനെ പരിസ്ഥിതിക്ക് ദോഷമില്ലാതെ എങ്ങനെ മാറ്റം.

3, ഇതിൻറെ നഷ്ടം ആര് വഹിക്കും?

4.കാലതാമസവും ഗതാഗത അസൗകര്യങ്ങളും വര്ഷങ്ങളോളം വരില്ലേ ?

5. എത്രനാൾ കൊണ്ട് ഇതിൻറെ പണി പൂർത്തിയാക്കാൻ സാധിക്കും?

6. മേൽപ്പാലം ആക്കണമെന്നുള്ള ആവശ്യത്തോട് അധികാരികൾ ഇതുവരെ എന്ത് മറുപടി ആണ് പറഞ്ഞത് ?

7. വേറെ എവിടെയെങ്കിലും പൊളിച്ച് മാറ്റി തൂണുകളിൽ സ്ഥാപിച്ചിട്ടുണ്ടോ ? 

8. എന്തുകൊണ്ടാണ് തുടക്കത്തിൽ ഈ പദ്ധതിയെ എതിർക്കാതിരുന്നത് ?

                  ഇവയ്ക്കുള്ള വ്യക്തമായ ഉത്തരം ഇപ്പോൾ എൻ്റെ അറിവിൽ ഇല്ല.  വരും നാളുകളിൽ ഇവയ്ക്കുള്ള ശരിയായ ഉത്തരം കാലക്രമേണ രൂപപ്പെട്ട് വരും എന്ന് മാത്രമേ പറയാനാവൂ.   

എന്ത് കൊണ്ട് തുടക്കത്തിൽ ഞാൻ എതിർത്തില്ല ?

          എന്തുകൊണ്ടാണ് തുടക്കത്തിൽ ഞാൻ ഈ പദ്ധതിയെ എതിർക്കാതിരുന്നത് എന്നതിന് എനിക്ക് ഉത്തരം ഉണ്ട്. ഏതാണ്ട് അഞ്ച് വർഷം മുൻപ് കലവൂരിൽ റോഡ് പണിയോട് ബന്ധപ്പെട്ട് വലിയ ശബ്ദങ്ങൾ ഒക്കെ കേട്ടപ്പോൾ അത് എന്താണെന്ന് തിരക്കി. അപ്പോൾ ഇവിടെ മേൽപ്പാലം വരാൻ വേണ്ടി പൈലിങ്ങ് ചെയ്യുകയാണ് എന്ന് അറിഞ്ഞു. 

      അത് കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കലവൂര് പൈലിങ്ങ് നടത്തി നോക്കിയിട്ട് മണ്ണിന് ഉറപ്പില്ലാത്തത് കൊണ്ട് തൂണുകളിൽ ഇവിടെ പണിയാൻ സാധിക്കില്ല കഞ്ഞിക്കുഴിയിൽ നല്ല ഉറപ്പുള്ളത് കൊണ്ട് അവിടെ തൂണുകളിൽ പണിയും എന്ന് ആരൊക്കെയോ പറഞ്ഞത് എൻ്റെ അച്ഛനും എന്നോട് പറഞ്ഞു. അന്ന് ആദ്യം ജനങ്ങളോട് പറഞ്ഞിരുന്നത് അങ്ങനെയാണ്. 

     അവിടെ പണി നടത്താൻ വന്ന തമിഴ് നാട്ടുകാരൻ അയ ഒരു എഞ്ചിനീയറോട് ഇവിടെ എന്ത് തരം മേൽപ്പാലമാണ് വരുന്നത് എന്ന് ഞാൻ തിരക്കിയപ്പോൾ അദ്ദേഹം ഞാൻ ആരാണെന്ന് തിരക്കി. ഞാൻ കലവൂരിലെ ഒരു കച്ചവടക്കാരനും സമീപവാസിയും ആണെന്ന് പറഞ്ഞു. അപ്പോൾ ഇവിടെ അണ്ടർ പാസ് ആണ് വരുന്നത് എന്ന് പറഞ്ഞു. അതെന്താണെന്ന് മനസിലായില്ല എന്ന് പറഞ്ഞപ്പോൾ യുട്യൂബിൽ അണ്ടർ പാസിൻ്റെ വിഡിയോ കാണിച്ചു തന്നു. 

         ഇത് എന്തെന്ന് മനസിലാക്കാൻ വേണ്ടി എറണാകുളത്ത് ഉള്ള അണ്ടർ പാസ്സ് പോയിക്കാണുകയും അണ്ടർ പാസ് ഉള്ള ഇടത്ത് ഒന്നും കച്ചവടക്കാർക്ക് ഒരു പുരോഗതിയും ഉണ്ടാകില്ല എന്ന് മനസിലാക്കുകയും ചെയ്തു. പക്ഷെ ഇവിടെ മണ്ണിന് ഉറപ്പില്ലാത്തത് കൊണ്ട് ഇതേ പറ്റൂ എന്ന് മനസ്സിൽ പതിഞ്ഞത് കാരണം ഒന്നും എതിർക്കാൻ പോയില്ല. 

                 പക്ഷെ ഇപ്പോൾ ആണ് ചിലർ പറയുന്നത് ഞങ്ങളോട് എല്ലാം ഏത് തരം പാലം ആണ് വേണ്ടത് എന്ന് തിരക്കിയപ്പോൾ ഞങ്ങൾ എല്ലാം ഒറ്റ കെട്ടായി അണ്ടർ പാസ്സ് തന്നെ മതി എന്ന് പറഞ്ഞെന്ന് !  കലവൂരുള്ള പ്രധാന രാഷ്ട്രീയ നേതാക്കളോടും കച്ചവട സംഘടനാ നേതാക്കളോടും ഞാൻ സംസാരിച്ചപ്പോൾ അവരാരും അണ്ടർ പാസ്സിനെ സപ്പോർട്ട് ചെയ്തില്ല എന്നാണ് എന്നോട് പറഞ്ഞത്. 

  ഈ രണ്ട് തരം നിർമ്മിതികളുടെയും മാതൃകകൾ കാണിക്കാതെ ഗുണദോഷങ്ങൾ വിവരിക്കാതെയും ആരെയെങ്കിലും കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. രണ്ട് നിർമാണ രീതികളുടെയും ഗുണദോഷങ്ങൾ വിശദമായി മനസ്സിലാക്കിയ ശേഷം, കലവൂരിന്റെ ദീർഘകാല പുരോഗതിക്ക് ഏതാണ് അനുയോജ്യമെന്ന് തീരുമാനിക്കണമെന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി, കലവൂരിന്റെ ഭാവി വ്യാപാര-ഗതാഗത സാധ്യതകൾ കണക്കിലെടുക്കുമ്പോൾ തൂണുകളിലുള്ള ഉയരപ്പാതയാണ് കൂടുതൽ അനുയോജ്യമെന്നതാണ് എന്റെ നിലപാട്.. 

                    അരൂര് വരെ ഉയരപ്പാത ഉണ്ട്. കൊമ്മാടി മുതലും ഉയരപ്പാത ഉണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ ഉയരപ്പാത കാലക്രമേണ വരും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. കാരണം കലവൂര് നിന്ന് 2.7 km തെക്കോട്ട് പോയാൽ വലിയ കലവൂര് അണ്ടർ പാസ്സ് ഉണ്ട്. 4.4 കിലോമീറ്റർ വടക്കോട്ട് പോയാൽ വളവനാട്ട് അണ്ടർപാസ്സ്‌ ഉണ്ട്. 

                   ഇങ്ങനെ ചേർത്തലയിൽ നിന്ന് ആലപ്പുഴയിലേക്ക് ഉള്ള 21 കിലോമീറ്റർ റോഡിൽ  നിരവധി അണ്ടർ പാസുകൾ ആണ് ഉള്ളത്. അത്രയധികം ജനവാസവും പുരോഗതിയും ഉള്ള സ്ഥലമായത് കൊണ്ടാണല്ലോ ഇങ്ങെന മുക്കിന് മുക്കിന് അണ്ടർ പാസ്സ് പണിയേണ്ടി വരുന്നത്. 

                 ഈ നാടിൻ്റെ സമ്പൂർണ്ണ വികസനത്തിനും പുരോഗതിക്കും ആവശ്യമായ രീതിയിൽ ഉള്ള ആധുനിക രീതിയിൽ ഉള്ള ഉയരപ്പാത എത്രയൂം പെട്ടെന്ന് വരട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഈ വാക്കുകൾ ഇവിടെ താൽക്കാലികമായി നിർത്തുന്നു. 

              കലവൂരിന് വേണ്ടത് വലിയൊരു ദേശീയപാത മാത്രമല്ല. ആ റോഡിന്റെ ഇരുവശത്തും ജീവിക്കുന്ന മനുഷ്യർക്കും അവരുടെ വ്യാപാരത്തിനും തൊഴിലിനും യാത്രയ്ക്കും ഓർമ്മകൾക്കും ഭാവിക്കും ഇടം നൽകുന്ന  സമഗ്ര വികസനമാണ്.

     വികസനം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് വേണ്ടി മാത്രമല്ല; റോഡിന്റെ ഇരുവശത്തും ജീവിക്കുന്ന മനുഷ്യർക്കും വേണ്ടിയാകണം.

കലവൂർ തകരരുത്.
കലവൂർ വളരണം.


Comments