എന്തിനാണ് രണ്ട് തരം പുളികൾ വീട്ടിൽ വാങ്ങിക്കുന്നത് എന്നത് ചെറുപ്പത്തിലേ ഉള്ള ഒരു സംശയമായിരുന്നു; വാളൻ പുളിയോ കുടംപുളിയോ ഏതെങ്കിലും ഒന്ന് പോരേ? ഉപ്പ് ഒന്നല്ലേ മേടിക്കുന്നുള്ളൂ !
![]() |
| 20 വർഷം മുൻപ് ഞാൻ നട്ടുവളർത്തിയ വീട്ടിലെ വാളൻ പുളി |
ഇതിൽ ഏത് പുളിയാണ് എൻ്റെ ഫേവറിറ്റ് എന്ന് ചോദിച്ചാൽ കുടംപുളിയാണ്. അതിൻ്റെ കായ പൊട്ടിച്ച് ഉള്ളിലെ കാമ്പ് തിന്നുന്നത് ചെറുപ്പത്തിൽ വലിയ ഇഷ്ടമായിരുന്നു. പക്ഷെ എൻ്റെ വീട്ടിൽ വാളൻപുളി മാത്രമേ വച്ചിട്ടുള്ളൂ. വാളൻപുളി വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് വച്ചാൽ ആ ഭാഗത്ത് നിന്ന് വരുന്ന കടുത്ത സൂര്യരശ്മികളെ തടയുകയും, അതിന്റെ ചെറിയ ഇലകൾ കാറ്റിനെ സുഗമമായി കടത്തിവിട്ട് വീട്ടിനുള്ളിൽ നല്ല തണുപ്പ് തരികയും ചെയ്യുമെന്ന് എവിടെയോ
വായിച്ചതുകൊണ്ടാണ് അവിടെ നട്ടത്.
ഇപ്പോൾ ഏതാണ്ട് പത്തിരുപത് വർഷം കഴിഞ്ഞപ്പോൾ നല്ല തണുപ്പും നിറയെ വാളൻപുളിയും അത് നൽകുന്നുണ്ട്.
വാളൻപുളി ദീർഘായുസ്സുള്ള വൃക്ഷമാണ്. 200 വർഷം വരെ അത് നിറഞ്ഞ കായ്‌ഫലത്തോടെ നിലനിൽക്കും; അതുകൊണ്ട് ഒരിക്കൽ വച്ചാൽ രണ്ട് മൂന്ന് തലമുറയ്ക്ക് വരെ അതിൽ നിന്ന് ആദായം ലഭിക്കും.
വാളൻപുളിയുടെ ശാസ്ത്രീയ നാമം *Tamarindus indica L.* എന്നാണ്. പേര് കേട്ടാൽ ഇവൻ ഇന്ത്യക്കാരനാണെന്ന് തോന്നുമെങ്കിലും കിഴക്കൻ ആഫ്രിക്കക്കാരനാണെന്നാണ് ബൊട്ടാണിസ്റ്റുകൾ കണ്ടെത്തിയിട്ടുള്ളത്. Tamarindus എന്ന വാക്ക് 'തമർ-ഹിന്ദ്' (Tamar-Hindi - ഇന്ത്യയിലെ ഈന്തപ്പഴം) എന്ന ലാറ്റിൻ/അറബിക് ഉത്ഭവത്തിൽ നിന്നാണെന്ന് പറയപ്പെടുന്നു. 'indica' എന്നാൽ ഇന്ത്യയിൽ നിന്നുള്ളത് എന്നും. അവസാനം 'L.' എന്ന് ചേർക്കുന്നത് ഈ പേരിട്ട കാൾ ലിന്നേയസിനെ (Carl Linnaeus) സൂചിപ്പിക്കാനാണ്.
കുടംപുളിയ്ക്ക് (Garcinia gummi-gutta) പക്ഷെ ഇത്തരം കൺഫ്യൂഷനൊന്നുമില്ല, ആള് പക്കാ ഇന്ത്യക്കാരനാണ്! 'Malabar tamarind' എന്നൊരു പേര് കൂടെ ഇതിനുണ്ട്. കുടംപുളിയിട്ട് വച്ച കേരളത്തിലെ മീൻകറികൾ ലോകപ്രശസ്തമാണല്ലോ.
(കുടംപുളിയിട്ട് വച്ച മീൻകറിയാണോ അതോ വാളൻപുളി ചേർത്ത മീൻകറിയാണോ നിങ്ങൾക്ക് കൂടുതൽ ഇഷ്ടം?)
ഈ രണ്ട് മരങ്ങൾ തമ്മിൽ പ്രകൃതത്തിൽ വലിയ വ്യത്യാസമുണ്ട്. ആഫ്രിക്കൻ വംശജനായതുകൊണ്ട് വാളൻപുളി വരണ്ട മണ്ണിലും നന്നായി വളരും. എന്നാൽ കുടംപുളിക്ക് നമ്മുടെ നാട്ടിൻപുറങ്ങളിലെപ്പോലെ ഈർപ്പമുള്ള മണ്ണും നദീതീരങ്ങളും തോട്ടുവക്കുകളുമൊക്കെയാണ് പ്രിയം.
![]() |
| കലവൂരിലെ ഒരു വീട്ടിൽ വളരുന്ന കുടംപുളി മരം |
നീണ്ട് പയർപോലെ കാണപ്പെടുന്നു. കുടംപുളി ജലാശയത്തിനരികിൽ വളരുന്നതുകൊണ്ടാകാം അതിന്റെ കായ ഗോളാകൃതിയിലായതും വെള്ളത്തിൽ വീണാൽ ഒഴുകിപ്പോകാൻ തക്കവണ്ണം രൂപപ്പെട്ടതും.
മറ്റൊരു രസം, വാളൻപുളിയുടെ തോട് കളഞ്ഞ് നമ്മൾ ഉള്ളിലെ കാമ്പ് എടുക്കുമ്പോൾ, കുടംപുളിയുടെ ഉള്ളിലെ കാമ്പ് കളഞ്ഞ് പുറംതോടാണ് കറികൾക്കായി ഉണക്കിയെടുക്കുന്നത്!
നമ്മൾ നിത്യവും കഴിക്കുന്ന മീൻകറികളിലും ചമ്മന്തികളിലും അച്ചാറുകളിലും കൊതിപ്പിക്കുന്ന രുചിക്കൂട്ടായി മാത്രമല്ല പുളിമരങ്ങൾ നിൽക്കുന്നത്; നമ്മുടെ നാടിനെ തണുപ്പിക്കുന്ന സ്വാഭാവിക എയർകണ്ടീഷണറുകൾ കൂടിയാണവ. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഇനിയും ധാരാളമായി പുളിമരങ്ങൾ തണൽ വിരിക്കട്ടെ!


Comments